Your Image Description Your Image Description

എൽടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന് വെളിപ്പെടുതാനുമായി ആർ എസ് എസ് മുഖമാസികയായ ഓർഗനൈസർ. ഓർഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുള്ളത്. ബ്രിട്ടീഷ് പൗരനും ശ്രീലങ്കയിൽ ജനിച്ചതുമായ സുബാസ്‌കരൻ അല്ലിരാജ 2014 ൽ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് എമ്പുരാൻ നിർമ്മിച്ചത്. നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയുമായും വിദേശത്തുള്ള എൽടിടിഇയുമായും ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിനെ ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ട്. പിന്നീട് ലൈക്ക എമ്പുരാനിൽ നിന്ന് പിന്മാറി, ഗോകുലം ഗോപാലൻ പിന്നീട് അതിന്റെ നിർമ്മാണം ഏറ്റെടുത്തു. ചിത്രത്തിന്റെ ധനസഹായത്തിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുവെന്നാണ് ഓർഗനൈസർ വാർത്ത. അതായത് എൽടിടിഇ ഫണ്ട് ഗോകുലത്തിന് വന്നു എന്ന സംശയത്തിലാണ് അന്വേഷണം. ഗോകുലം ഗോപാലന് ലൈക്ക പ്രൊഡക്ഷൻസുമായും സുബാസ്‌കരൻ അല്ലിരാജയുമായും ഉള്ള സാമ്പത്തിക ബന്ധങ്ങൾ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീർപ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടിൽ നിന്നുള്ള രേഖകളും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക പ്രൊഡക്ഷൻസിനും തമിഴ്നാട്ടിൽ ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്, അന്വേഷണം പുരോഗമിക്കുമ്പോൾ, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഓർഗനൈസർ പറയുന്നു. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഗോകുലത്തിന്റെ ചിട്ടി സ്ഥാപനവും അന്വേഷണ പരിധിയിലാണെന്ന് ഓർഗനൈസർ പറയുന്നു. വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലും ഇന്നലെ 14 മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. 2022 ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം എന്നായിരുന്നു പുറത്തു വന്ന സൂചനകൾ. ഇതിനിടെയാണ് ആർ എസ് എസ് മുഖമാസികയുടെ എമ്പുരാൻ വെളിപ്പെടുത്തൽ. ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ 3 മാസമായി നിരീക്ഷണത്തിൽ ആണെന്ന് ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇടപെടുകളിൽ സംശയം തോന്നിയ സാഹചര്യത്തിൽ ആണ് റെയ്ഡ്.
സമീപകാല വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുത് എന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന വ്യാപക പ്രചാരണം ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇഡിയുടെ വിശദീകരണം. ഇതിനൊപ്പമാണ് ആർ എസ് എസ് നിലപാട് പറച്ചിലും ചർച്ചയാകുന്നത്. 2023 മുതലാണ് ഗോകുലം ഗോപാലൻ ഇഡിയുടെ അന്വേഷണ പരിധിയിൽ എത്തിയത്. നേരത്തെ പല തവണ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ലെന്നും ഇഡി വിശദീകരിക്കുന്നു. അന്നുയർന്ന പ്രധാന പരാതിയായ വിദേശ നാണ്യ വിനിമയച്ചട്ട ലംഘനത്തിൽ കൂടുതൽ വിവരങ്ങൾ തേടാനും തീരുമാനിച്ചിട്ടുണ്ട്. എമ്പുരാൻ സിനിമ പുറത്തിറങ്ങിയത് മുതൽ നിരവധിപേർ ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാർ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പിൻമാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരാൻ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *