Your Image Description Your Image Description

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ  സഹകരണത്തോടെ നടത്തുന്ന ‘ലഹരിക്കെതിരെ ആയിരം ഗോൾ’ ക്യാമ്പയിൻ്റെയും വേനലവധിക്കാല പരിശീലന പരിപാടിയുടെയും  ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എം എൽ എ നിർവഹിച്ചു. മാനാഞ്ചിറ സ്ക്വയറിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ അധ്യക്ഷനായി. 

11 കായിക ഇനങ്ങൾക്കാണ് കുറഞ്ഞ നിരക്കിൽ പരിശീലനം നൽകുന്നത്. അഞ്ച് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിലാണ് വേനലവധി ക്യാമ്പ് നടത്തുന്നത്. കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 23 ന് അവസാനിക്കും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഫുട്ബോൾ ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, ഫറോക്ക് നല്ലൂർ ഇ കെ നായനാർ സ്റ്റേഡിയം, മുക്കം മണാശ്ശേരി മുനിസിപ്പിൽ സ്റ്റേഡിയം, മാവൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, പേരാമ്പ്ര സി കെ ജി മെമ്മോറിയൽ കോളേജ് സ്റ്റേഡിയം, പറമ്പിൽബസാർ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, കണ്ണാട്ടിക്കുളം ചെറുവണ്ണൂർ സ്റ്റേഡിയം, കക്കോടി കൂടത്തുംപൊയിൽ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, കടലുണ്ടി കോട്ടക്കടവ് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും  ബാസ്ക്കറ്റ്ബോൾ  കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ, ഷട്ടിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, ജിംനാസ്റ്റിക് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം, ചെസ്സ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയം, മണാശ്ശേരി ഗവൺമെൻ്റ് യു പി സ്ക്കൂൾ മുക്കം, നരിക്കുനി, ഫറോക്ക് യങ്ങ്മെൻസ് ലൈബ്രറി,  വോളിബോൾ നടുവണ്ണൂർ വോളിബോൾ അക്കാദമി, കായക്കൊടി നിടുമണ്ണൂർ വോളിബോൾ അക്കാദമി, ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനിസ്റ്റേഡിയം, ബോക്‌സിംഗ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, തയ്കോണ്ടോ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, ഫറോക്ക് യങ്ങ്മെൻസ് ലൈബ്രറി, ടേബിൾ ടെന്നിസ്  കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, സ്കേറ്റിംഗ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് ഈസ്റ്റ് നടക്കാവ് സ്പോർട്‌സ് കൗൺസിൽ സ്വിംമ്മിംഗ് പൂൾ തുടങ്ങിയ ഇടങ്ങളിലാണ് യഥാക്രമം ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.

പരിചയസമ്പന്നരും പ്രശസ്ത‌രുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും.  നിലവിൽ 1200 ഓളം കുട്ടികൾ വിവിധ ക്യാമ്പുകളിലേക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായുള്ള ആദ്യ പരിപാടിയാണ് ‘ലഹരിക്കെതിരെ ആയിരം ഗോൾ’. കളിക്കളങ്ങളെ സജീവമാക്കി കായികമാണ് ലഹരി എന്ന പ്രമേയം മുൻനിർത്തിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.  എല്ലാ ക്യാമ്പുകളിലും പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കും.

ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. റോയ് ജോൺ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗങ്ങളായ കെ എം ജോസഫ്, ഇ കോയ, കാലിക്കറ്റ് പ്രസ് ക്ലബ്ബ്  സെക്രട്ടറി പി കെ സജിത്ത് കുമാർ, ഫുട്ബോൾ അസോസിയേഷൻ  സെക്രട്ടറി സജേഷ് കുമാർ, മാധ്യമ പ്രവർത്തകൻ കമാൽ വരാദൂർ, കെ ജെ മത്തായി, ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, ജില്ലാ സ്പോർട്‌സ് ഓഫീസർ കെ പി വിനീഷ് കുമാർ തുടങ്ങിയവർ തുടങ്ങിയവർ സംസരിച്ചു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹോക്കി കോച്ച്  മുഹമ്മദ് യാസിർ ലഹരി വിരുദ്ധ  പ്രതിജ്ഞ ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *