Your Image Description Your Image Description

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആദ്യ മൂന്ന് മാസത്തിനിടെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്‍റുകളും ഭക്ഷണശാലകളും. ഭക്ഷ്യ സുരക്ഷ സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടിയത്.

അതേസമയം ഹംദാൻ സ്ട്രീറ്റിൽ ഒരു റെസ്റ്റോറന്‍റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലെയും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അജ്ബാന്‍ ഏരിയയിലെ ഒരു കോഴി ഫാമും ഷഹാമ പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനവും അബുദാബിയിലെ മുസഫ ഏരിയ 9ലെ ഒരു പലചരക്ക് കടയും അടച്ചുപൂട്ടി.

നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ നീക്കുന്നതു വരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടും. ശുചിത്വമില്ലായ്മ, ഭക്ഷ്യോൽപന്നങ്ങൾ വേർതിരിച്ച് കൃത്യമായി ശീതീകരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ മൂടിവെയ്ക്കാതെ സൂക്ഷിക്കുക, കീടങ്ങളുടെയും പ്രാണികളുടെയും സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *