Your Image Description Your Image Description

മക്ക: വെറും മൂന്നു മിനിറ്റ് സമയം മതി മുടി ഒന്ന് വെട്ടാൻ. അധികം കാത്ത് നിൽക്കേണ്ട, കാര്യങ്ങൾ എല്ലാം ഇവിടെ വളരെ ഫാസ്റ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം ലഭിക്കുന്ന അത്യാധുനിക സൗകര്യത്തോടെയുള്ള ഈ ബാർബർ ഷോപ്പ് എവിടെയാണെന്ന് അറിയാമോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ബാർബർ ഷോപ്പ് പ്രവർത്തനം തുടങ്ങിയത് സൗദി അറേബ്യയിൽ ആണ്. മക്കയിലെ ക്ലോക്ക് സെന്ററിലാണ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ഷോപ്പ് സജ്ജമായത്.

ഏറ്റവും വേ​ഗത്തിലും എളുപ്പത്തിലും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ​ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർത്ഥാടകർക്കുള്ള സേവന നിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാർബർ ഷോപ്പ് സോൺ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ഇത്. ഇവിടെ 170 കസേരകളാണുള്ളത്. പ്രതിദിനം 15,000ത്തിലധികം തീർത്ഥാടകർക്ക് സേവനം ലഭിക്കും.

ഹജ്ജ്, ഉംറ കർമങ്ങളുടെ ഭാ​ഗമായി തലമുടി നീക്കം ചെയ്യുന്നതിന് നിരവധി പേരാണ് ഹറമിൽ എത്തുന്നത്. ഈ വർഷത്തെ തീർത്ഥാടകരുടെ തിരക്കാണ് മക്കയെ ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മാറ്റിയിരിക്കുന്നത്. ഹറമിന് ചുറ്റും നിരവധി ബാർബർ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *