Your Image Description Your Image Description

ലഖ്‌നൗ: 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നവവധു വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മാർച്ച് 30 മുതൽ നവവധു തന്റെ ഭർതൃവീട്ടിനു പുറത്ത് ഇരിക്കുകയാണ്. ഭര്‍ത്താവും വീട്ടുകാരും യുവതിയോട് 50ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി. മാർച്ച് 5 വരെ ശാലിനി തന്റെ ഭർതൃവീട്ടുകാരോടൊപ്പം താമസിച്ചുവെന്നും അതിനുശേഷം ഹോളി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. മാർച്ച് 30 ന് തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് ശാലിനിയെ വിലക്കിയതായും ഇത് കുത്തിയിരിപ്പ് സമരത്തിലേക്ക് നയിച്ചതായും പോലീസ് പറയുന്നു.

2024 ഫെബ്രുവരി 2നാണ് 30 കാരിയായ ശാലിനി സിംഗാള്‍ 32 കാരനായ പ്രണവ് സിംഗാളിനെ വിവാഹം കഴിച്ചത്. ഫെബ്രുവരി 15ന് ദമ്പതികള്‍ ഹണിമൂണിന് ഇന്തോനേഷ്യയിലേയ്ക്ക് പോയി. പത്ത് ദിവസത്തിന് ശേഷം തിരിച്ചെത്തുകയും ചെയ്തു. അതേസമയം സ്ത്രീധനം ചോദിച്ചുവെന്ന ആരോപണം ഭര്‍ത്താവ് നിഷേധിച്ചു. മീററ്റിലെ കൊലപാതകത്തിന് ശേഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ‘അവൾ എന്ത് ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. പ്രത്യേകിച്ച് മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തി ഡ്രമ്മിലാക്കിയ സംഭവത്തിന് ശേഷം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവൾ ഞങ്ങളെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് അവളെ ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കാത്തത്,” അദ്ദേഹം ആരോപിച്ചു. എന്നാല്‍ വധുവില്‍ നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *