Your Image Description Your Image Description

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു. മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, അത് ആർക്കും മനസിലാകുന്നില്ലേയെന്നും ഷീല ചോദിച്ചു. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു. സിനിമയിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പറ്റാത്തത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും ഷീല പറഞ്ഞു. എമ്പുരാൻ വളരെ നല്ല പടം ആണെന്നും സിനിമ റിലീസ് ആയതിൽ അഭിമാനിക്കണമെന്നും നടി പ്രതികരിച്ചു.

‘എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ നമ്മൾ അഭിമാനിക്കണം. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ? വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. കാണരുത് എന്ന് പറയുന്നത് തന്നെ പബ്ലിസിറ്റി നൽകും’, ഷീല പറഞ്ഞു. മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസ നേരത്തെ അറിയിച്ചിരുന്നു. എമ്പുരാൻ നന്നായി തിയറ്ററുകളിൽ ഓടണം. കാരണം ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്. പടങ്ങൾ ഓടിയാലെ ഒരുപാട് പേർക്ക് ജോലി കിട്ടത്തുള്ളൂ. ഒരു പടം എടുത്താൽ നൂറ് കണക്കിന് പേർക്കാണ് ജോലി കിട്ടുന്നതെന്നും ഷീല പറയുന്നു.

അതേസമയം എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പിൻ്റെ പ്രദർശനം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റിയാണ് എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററിൽ എത്തിയത്. 2 മിനിറ്റ് 8 സെക്കൻസ് നീക്കം ചെയ്തതാണ് പുതിയ പതിപ്പ് . പ്രധാന വില്ലൻ്റെ പേര് മാറ്റിയതോടെ സംഭാഷണങ്ങൾ വീണ്ടും ഡബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽദേവ് എന്നാക്കി. പരീക്ഷ പ്രദർശനം നടത്തിയ ശേഷമാണ് സിനിമ തിയേറ്ററുകൾക്ക് ലഭ്യമായത്. ആദ്യ ദിവസം തന്നെ 67 കോടി രൂപ കളക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വർഷം ഇന്ത്യയിൽ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാൻ സ്വന്തമാക്കിയത്. മലയാള സിനിമയുടെ കളക്ഷൻ റെക്കോഡുകളാണ് എമ്പുരാൻ തിരുത്തിക്കുറിച്ചത്. മാത്രമല്ല, റിലീസ് ചെയ്ത് 48 മണിക്കൂറിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *