Your Image Description Your Image Description

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. 2025 ൽ BSNL 5G വിക്ഷേപണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വെളിപ്പെടുത്തി. പുതിയ ലോഗോയും 7 പുതിയ തദ്ദേശീയ സേവനങ്ങളും പുറത്തിറക്കിയ വേളയിലാണ് വെളിപ്പെടുത്തൽ. ഇന്ത്യയിലേക്ക് അടുത്ത കണക്റ്റിവിറ്റി അവതരിപ്പിക്കുന്നതിനായി BSNL അതിന്റെ 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിന്റെയും (RAN) കോർ നെറ്റ്‌വർക്കിന്റെയും പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി സിന്ധ്യ വെളിപ്പെടുത്തി.

അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ രാജ്യത്തെ മിക്ക നഗരങ്ങളിലും 5G എത്തിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇതിനായി തങ്ങൾക്ക് മികച്ച കവറേജും, ഉപയോക്താക്കളുമുള്ള നഗരങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷണം നടക്കുന്നത്. ജയ്‌പൂർ, ലഖ്നൗ, കൊൽക്കത്ത, ഭോപ്പാൽ, ചണ്ഡീഗഡ്, പട്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് 5G ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ പരീക്ഷണം നടത്തുന്നത്. നേരത്തെ, ഡൽഹിയിലായിരിക്കും ആദ്യ 5G നെറ്റ്‌വർക്ക് വരികയെന്ന് ബിഎസ്എൻഎൽ എംഡി റോബർട്ട് ജി രവി അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തിരഞ്ഞടുക്കപ്പെട്ട സർക്കിളുകളിൽ സൗജന്യമായി 4ജി സിം അപ്ഗ്രേഡുകളും കമ്പനി നൽകുന്നുണ്ട്. ഈ വർഷം ജൂൺ മുതൽ രാജ്യത്തെമ്പാടും 4G സർവീസുകൾ നൽകാനുള്ള തയ്യാറെടുപ്പുകളിലാണ് ബിഎസ്എൻഎൽ. തുടർന്ന് ഒരു മാസത്തിനുള്ളിൽ അത് 5G ആക്കാനാണ് പദ്ധതി. ഇതിനകം തന്നെ 83,000 4G സൈറ്റുകൾ കമ്പനി സ്ഥാപിച്ച്‌ കഴിഞ്ഞതായാണ് വിവരം. അവയിൽ 75000 സൈറ്റുകൾ ഇപ്പോൾത്തന്നെ പ്രവർത്തനക്ഷമമാണ്. നിരവധി തടസങ്ങൾക്ക് ശേഷമാണ് ബിഎസ്എൻഎൽ തങ്ങളുടെ 4G നെറ്റ്‌വർക്ക് യാഥാർഥ്യമാക്കുന്നത്.

നിലവിൽ സ്വന്തമായി 4ജി ടെക്‌നോളജിയുളള അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചൈന, സൗത്ത് കൊറിയ, ഫിൻലൻഡ്‌, സ്വീഡൻ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. 5ജി കണക്ഷന് കൂടി തുടക്കമിടുന്നതോടെ ബിഎസ്എൻഎൽ ലോകത്തിന്റെ നെറുകയിൽ തന്നെ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വരാനിരിക്കുന്ന 5G ലോഞ്ച് സ്ഥിരീകരിക്കുന്നതിനൊപ്പം, രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷ, താങ്ങാനാവുന്ന വില, വിശ്വാസ്യത എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏഴ് പുതിയ സേവനങ്ങളും ബിഎസ്എൻഎൽ അവതരിപ്പിച്ചു. നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള ഡിജിറ്റൽ വിടവ് നികത്താനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളുമായി ഈ സേവനങ്ങൾ യോജിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *