Your Image Description Your Image Description

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ ഉണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ എർത്ത് ഇമേജിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉപയോഗിച്ച്‌ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 50 സെന്റീമീറ്റര്‍ വരെ ചെറിയ വലിപ്പത്തിലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പോലും പകര്‍ത്താന്‍ കാര്‍ട്ടോസാറ്റ്-3 ന് ശേഷിയുണ്ട്.

ഇറവാഡി നദിക്ക് കുറുകെയുള്ള വലിയ പാലം തകർന്നതും മാൻഡലെ സർവകലാശാലയ്ക്കുണ്ടായ നാശനഷ്ടങ്ങളും ആനന്ദ പഗോഡയുടെ തകർച്ചയും ചിത്രങ്ങളിൽ വ്യക്തമായി കാണാം. 2019 ൽ വിക്ഷേപിച്ച കാർട്ടോസാറ്റ് -3 അഡ്വാൻസ്ഡ് എർത്ത് ഇമേജിങ് ഉപഗ്രഹമാണ്. ഈ ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ ഐഎസ്ആർഒ വളരെ അപൂർവമായി മാത്രമേ പുറത്തുവിടാറുള്ളൂ. വെള്ളിയാഴ്ച മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടായി.

മ്യാൻമറിലെ മാൻഡലെയ്ക്കടുത്തുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പത്തിന് പിന്നാലെ പന്ത്രണ്ടോളം തുടർചലനങ്ങളുണ്ടായതായും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 10 മണിക്കൂറിനിടയിൽ ഏതാണ്ട് 15 ഭൂകമ്പങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാൻമറിൽ രണ്ട് ഭൂകമ്പങ്ങളുണ്ടായതായി യുഎസ്ജിഎസ് പറയുന്നു. 5.1, 4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *