Your Image Description Your Image Description

കോഴിക്കോട്: സ്ത്രീകളെ മറയാക്കി താമരശ്ശേരിയില്‍ ലഹരിവില്‍പ്പനയെന്ന് വെളിപ്പെടുത്തി യുവതി. തന്റെ മുന്‍പങ്കാളി ഷിജാസ് ലഹരിസംഘത്തിലെ പ്രധാനിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്തെത്തിയത്. പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ ആരോപണം.

ഷിജാസും ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളാണെന്ന് യുവതി പറഞ്ഞു. യാസിറിന് ലഹരി എത്തിച്ചുനല്‍കിയത് ഷിജാസ് ആയിരുന്നു. വീട്ടില്‍ പൂട്ടിയിട്ട് തന്നെ ഒരുപാട് തവണ ഷിജാസ് ഉപദ്രവിച്ചു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി വെളിപ്പെടുത്തി.

‘എന്നെ തടവില്‍വെച്ചു. പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു. രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും എനിക്ക് ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഉമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാലഞ്ചുതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല. രണ്ടരവര്‍ഷത്തോളം ഞാന്‍ ആ കെണിയിലായിരുന്നു’, യുവതി ആരോപിച്ചു.

എംഡിഎംഎ കേസില്‍ അറസ്റ്റിലായ ഷിജാസ് ഇപ്പോള്‍ ജയിലിലാണ്. താമരശ്ശേരി അമ്പായത്തോട്, ചുരം നാലാംവളവ് കേന്ദ്രീകരിച്ചാണ് ലഹരികൈമാറ്റമെന്ന് യുവതി പറയുന്നു. വാര്‍ത്തപുറത്തുവന്ന ശേഷം ജയിലില്‍നിന്ന് ഷിജാസ് തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *