Your Image Description Your Image Description

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന്‌ നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22 ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കില്ല. അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് 22ന് വീണ്ടും പരീക്ഷ നടത്തും.

ഐസിഎം പൂജപ്പുര എന്ന സ്ഥാപനത്തിലെ ​ഗസ്റ്റ് ലക്ചററാണ് സംഭവത്തിന് കാരണക്കാരനായ അധ്യാപകൻ. അദ്ദേഹത്തെ സർവകലാശാലയുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പരീക്ഷാ ജോലികളിൽ നിന്നും ഡീബാർ ചെയ്യും. സ്ഥാപനത്തിന്റെ മേലധികാരിയോട് ​ഗുരുതരമായ വീഴ്ച വരുത്തിയ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. 2024 മെയ് മാസത്തില്‍ നടന്ന എംബിഎ പരീക്ഷയുടെ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാല തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശമായി ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. അതിനിടെ തങ്ങളുടെ ഭാഗത്തുനിന്ന് വിവരം പുറത്തു പോകാതിരിക്കാന്‍ ശ്രമമുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. പകരം നടത്തുന്ന പരീക്ഷയ്ക്ക് ഫീസ് നല്‍കേണ്ടന്നും സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ തന്നെ ജോലിയില്‍ ഉള്‍പ്പടെ പ്രവേശിച്ച വിദ്യാര്‍ഥികളുണ്ട്. ഇവരില്‍ പലര്‍ക്കും വീണ്ടുമൊരു പരീക്ഷ കൂടി എഴുതാനുള്ള ബുദ്ധിമുട്ടുകളുണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *