Your Image Description Your Image Description

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ബൊക്കാറോ സ്വദേശിയായ അംബുജ് (32 ) മുർഷിദാബാദ് സ്വദേശിയായ ഗ്യാനേശ്വർ (32 )എന്നിവരാണ് മരിച്ചത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ഉടമസ്ഥതയിലുള്ള ഗുഡ്സ് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് മറ്റൊരു ട്രെയിൻ എത്തിയതോടെയായിരുന്നു അപകടം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കൽക്കരി നിറച്ച വാഗണുകളിലൊന്നിൽ തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. അപകടത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് യാതൊരു പങ്കുമില്ലെന്നും അവരുടെ പരിധിയിൽ വരുന്ന സംഭവം അല്ലെന്നും എൻടിപിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് ഏഴ് പേരാണ് എൻജിനിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ലോക്കോ പൈലറ്റുമാർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെന്ന് എൻടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *