Your Image Description Your Image Description

ക്വാലാലംപൂർ: മലേഷ്യയിലെ സ്റ്റേറ്റ് എനർജി കമ്പനിയായ പെട്രോണാസ് പ്രവർത്തിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിൽ സ്ഫോടനം. ചൊവ്വാഴ്ച ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം. തീപിടുത്തത്തിൽ 33 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമന വകുപ്പ് അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധ ഏറെ പണിപ്പെട്ടാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്. സെലാങ്കൂര്‍ സംസ്ഥാനത്തെ പുച്ചോങ് പട്ടണത്തില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പൊള്ളലും, ശ്വസന പ്രശ്നങ്ങളോ മറ്റ് പരിക്കുകളോ ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പൈപ്പ്‌ലൈനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്തെ 50 ഓളം വീടുകള്‍ക്ക് തീപിടിച്ചു.

സംഭവത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ആകാശത്തേക്ക് ഒരു തീജ്വാല മേഘം ഉയരുന്നതും തുടർന്ന് പുക ഉയരുന്നതും ഇതിൽ കാണാം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സെലാങ്കൂർ സംസ്ഥാന അഗ്നിശമന സേന ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. മലേഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെട്രോണാസിന്റെ പൈപ്പ്‌ലൈനിലേക്കുള്ള വാൽവ് അടച്ചുപൂട്ടിയതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. രാവിലെ 8:10 ഓടെ സ്ഫോടനത്തെക്കുറിച്ച് അഗ്നിശമന വകുപ്പിന് ഒരു ദുരന്ത സന്ദേശം ലഭിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *