Your Image Description Your Image Description

മുൻ ബ്രിട്ടീഷ്-അമേരിക്കൻ കിക്ക് ബോക്‌സറും വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ആൻഡ്രൂ ടേറ്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി ബ്രിയന്ന സ്റ്റേൺ. ലൈംഗികാതിക്രമവും ശാരീരിക പീഡനവും ചൂണ്ടിക്കാട്ടി യുവതി ടേറ്റിനെതിരെ ലോസ് ഏഞ്ചൽസിൽ സിവിൽ കേസ് ഫയൽ ചെയ്തു. 10 മാസത്തിലേറെ താൻ ശാരീരികമായും വൈകാരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. മാർച്ച് 11 ന് ബെവർലി ഹിൽസ് മോട്ടലിൽ വെച്ചാണ് ഇരുവരും അവസാനം കണ്ടതെന്ന് പരാതിയിൽ പറയുന്നു. പരസ്പര സമ്മതത്തോടെ ആരംഭിച്ച ബന്ധമായിരുന്നെങ്കിലും ടേറ്റ് അക്രമാസക്തനാവുകയായിരുന്നുവെന്ന് കോടതി രേഖകളിൽ പറയുന്നു.

ടേറ്റ് ശ്വാസം മുട്ടിക്കുകയും തന്നെ അടിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നും സ്റ്റേൺ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെത്തുടർന്ന് സ്റ്റേൺ വൈദ്യചികിത്സ തേടിയതായും പോസ്റ്റ്-കൺകഷൻ സിൻഡ്രോം ആണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ടേറ്റ് അമേരിക്ക വിട്ടതിനു ശേഷമാണ് കേസ് ഫയൽ ചെയ്തത്. “ഈ സാഹചര്യം വളരെ പ്രയാസകരവും അങ്ങേയറ്റം ദുഷ്‌കരവുമാണ്. ആൻഡ്രൂവിനെ നിശബ്ദമായി ഉപേക്ഷിച്ച് ഒന്നും പറയാതെയും ഒന്നും ചെയ്യാതെയും ഇരിക്കുന്നതിനെക്കുറിച്ച് ഞാൻ പലതവണ ചിന്തിച്ചു, കാരണം എനിക്ക് ഭയമായിരുന്നു, എന്നെ ദുരുപയോഗം ചെയ്തുവെന്ന് അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ഭീരുത്വം നിറഞ്ഞ സമീപനമാണെന്ന് ഇപ്പോൾ എനിക്ക് മനസിലാകുന്നു.” സ്റ്റേൺ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അതേസമയം, ടേറ്റിന്റെ അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. സാമ്പത്തിക ലാഭത്തിനായുള്ള അവകാശവാദങ്ങളാണ് ഇതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് മക്ബ്രൈഡ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായി നിരവധി കേസുകളിൽ ആൻഡ്രൂ അന്വേഷണം നേരിടുന്നുണ്ട്. മനുഷ്യക്കടത്ത്, ബലാത്സംഗം, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളാണ് ആൻഡ്രൂ ടേറ്റിനെതിരായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *