Your Image Description Your Image Description

ന്യൂഡൽഹി: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021-22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ . എന്നാൽ, തെറ്റായ ശിക്ഷയാണ് ആദായ നികുതി വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.

എയർലൈൻസിന്റെ പ്രവർത്തനത്തെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. 2021-22 അസസ്​മെന്റ് വർഷത്തെ ഇടപാടിന് 944 കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തി. ഇതിനെതിരെ ആദായ നികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.

ആദായ നികുതി വകുപ്പിന്റെ തീരുമാനം പിഴവുള്ളതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുക മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ള ഏകപോംവഴിയെന്നും നീതിന്യായ സംവിധാനത്തിൽ പരിപൂർണമായ വിശ്വാസമുണ്ടെന്നും കമ്പനി അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് പിന്നാലെ ഇൻഡിഗോയുടെ ഓഹരി വില ഇടിഞ്ഞു.

0.32 ശതമാനം നഷ്ടത്തോടെ 5113 രൂപയിലാണ് ഇൻഡിഗോ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻഡിഗോയുടെ ഓഹരി വില 11.36 ശതമാനം ഉയർന്നിരുന്നു. 49.27 ശതമാനം ഇൻഡിഗോ ഓഹരികളാണ് നിലവിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ളത്

Leave a Reply

Your email address will not be published. Required fields are marked *