Your Image Description Your Image Description

തിരുവനന്തപുരം: എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്ത് നിര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ട വിവാദവും സൈബര്‍ ആക്രമണവും തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് ഫെഫ്ക ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുതെന്നും ഫെഫ്ക വിമര്‍ശിച്ചു.

നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നും മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹം എന്നും ഫെഫ്ക ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ. പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ. മോഹന്‍ലാലിനും എതിരെ (സാമൂഹ്യ) മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്.

എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു. ഉറക്കത്തില്‍ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാന്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, ‘നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.’ കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *