Your Image Description Your Image Description

കൊച്ചി: റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെമുതൽ തീയേറ്ററുകളിൽ പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച തന്നെ റീ എഡിറ്റിംഗ് പൂര്‍ത്തിയായതായാണ് വിവരം. മൂന്നു മിനുട്ട് ഭാഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് വിവരം. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാൻ സെൻസർ ബോർഡ് ചേർന്നു. കേന്ദ്ര സെൻസർ ബോർഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.

അതേ സമയം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.

സംവിധായകന്‍ പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് വിവരം.

അതേ സമയം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

അതേ സമയം ഉള്ളടക്കത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ഉയര്‍ന്ന എമ്പുരാന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തി. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *