Your Image Description Your Image Description

ജില്ലയിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കുന്നതിനു ഫെബ്രുവരി 17ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 9ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസിന്റെയും ഉച്ചകഴിഞ്ഞ് രണ്ടിന് ഫോർട്ട്കൊച്ചി സബ് കളക്ടർ ഓഫീസിന്റെ കീഴിലും അദാലത്ത് നടത്തും.

അദാലത്തിന്റെ മുന്നൊരുക്കങ്ങളും മറ്റു റവന്യൂ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 25 സെന്റ് പരിധിക്കുള്ളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുന്നത്. 2023 ഡിസംബർ 31 വരെയുള്ള എല്ലാ അപേക്ഷകളും അദാലത്തിൽ പരിഹരിക്കും. അദാലത്തിനായി പുതിയ അപേക്ഷകൾ നൽകേണ്ടതില്ല.

മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ പരിധിയിലെ 54 വില്ലേജുകളിലായി 4389 അപേക്ഷകൾക്കും ഫോർട്ട് കൊച്ചി സബ് കളക്ടർ ഓഫീസ് പരിധിയിലെ 70 വില്ലേജുകളിലായി 14754 അപേക്ഷകൾക്കുമാണ് അദാലത്തിൽ പരിഹാരമാകുന്നത്. ജില്ലയിൽ ആകെ 19143 അപേക്ഷകൾക്ക് പരിഹാരമാകും. ദ്രുതഗതികൾ നടപടികൾ സ്വീകരിച്ച് പരിഹാരം കാണാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. നടപടികൾ വേഗത്തിൽ ആക്കുന്നതിനായി എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടർമാരെ ചാർജ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

യോഗത്തിൽ ജില്ലയിൽ നടന്ന നവ കേരള സദസ്സുകളിൽ ലഭിച്ച നിവേദനങ്ങളിൽമേലുള്ള നടപടികൾ വിലയിരുത്തി. എല്ലാ അപേക്ഷകളും പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 2025ൽ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി ഭൂമിയും വീടും ഉറപ്പാക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനായി റവന്യൂ ഭൂമികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.

പട്ടയവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും വേഗത്തിൽ പരിഹാരം കാണാൻ കളക്ടർ നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കീരംപാറ, കടവൂർ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപടികൾ സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീര, മൂവാറ്റുപുഴ ആർ.ഡി.ഒ പി. എൻ അനി, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *