Your Image Description Your Image Description

ബിഹാറിലെ ഔറംഗാബാദിൽ 65 വയസ്സുള്ള വ്യക്തിയെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. മന്ത്രവാദ ചടങ്ങുകളുടെ ഭാഗമായാണ് ക്രൂരകൃത്യമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മാർച്ച് 13 ന് മദൻപൂർ പോലീസ് സ്റ്റേഷനിൽ വെച്ച് യുഗൽ യാദവ് എന്നയാളെ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഗുലാബ് ബിഗ ഗ്രാമത്തിൽ താമസിക്കുന്ന യാദവിനെ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുമുണ്ടായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ‘തന്ത്രിയുടെ’ ബന്ധു ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ മുഖ്യ പ്രതിയായ ‘തന്ത്രി’ ഇപ്പോഴും ഒളിവിലാണ്.

അയൽ ഗ്രാമമായ ബാംഗറിൽ ഹോളിക ദഹനിൽ ഉണ്ടായ തീപിടുത്ത ചാരത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തിയത് അന്വേഷണത്തിന് ഏറെ വഴിത്തിരിവായി. യാദവിന്റെ കത്തിക്കരിഞ്ഞ മനുഷ്യ അസ്ഥികളും ചെരിപ്പുകളും ആണ് അവയെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അടുത്തുള്ള ഒരു വയലിൽ നിന്ന് ഇരയുടെ വെട്ടിമാറ്റിയ തല പോലീസ് കണ്ടെടുത്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും, ചോദ്യം ചെയ്യലിൽ, താനും മറ്റുള്ളവരും ചേർന്ന് യുഗൽ യാദവിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയത് മന്ത്രവാദ ചടങ്ങുകളുടെ ഭാഗമായിട്ടാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു. അതോടൊപ്പം അതേ പ്രദേശത്തെ ഒരു കിണറ്റിൽ ഒരു കൗമാരക്കാരനെയും സംഘം മുമ്പ് ബലി നൽകിയിട്ടുണ്ടെന്ന് പ്രതികൾ ഏറ്റുപറഞ്ഞു.

യാദവിന്റെ മരണവുമായി ബന്ധപ്പെട്ട് പാസ്വാൻ, ധർമ്മേന്ദ്ര, മറ്റ് രണ്ട് പേർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *