Your Image Description Your Image Description

75 ദിവസത്തിനുള്ളില്‍ റണ്‍വേ റീ കാര്‍പെറ്റിങ് പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയർപോർട്ട്. 3.4 കിലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതുക്കി പണിതിരിക്കുന്നത്. അതേസമയം മാര്‍ച്ച് 30 മുതല്‍ എല്ലാ വിമാന സര്‍വീസുകളും പതിവ് ഷെഡ്യൂളിലേക്ക് മടങ്ങും.

ജനുവരി 14നാണ് റീ കാര്‍പെറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാതെ റണ്‍വേ റീകാര്‍പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂര്‍ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്. ഈ കാലയളവില്‍, ശേഷിക്കുന്ന 15 മണിക്കൂറിനുള്ളില്‍ റണ്‍വേ പ്രതിദിനം ശരാശരി 80 വിമാനങ്ങള്‍ കൈകാര്യം ചെയ്തു. കൂടാതെ ഈ കാലയളവില്‍ വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേർ യാത്ര ചെയ്യുകയും ചെയ്തു.

120 ലെയ്ന്‍ കിലോമീറ്റര്‍ റോഡിന് തുല്യമായ, ഏകദേശം 50,000 മെട്രിക് ടണ്‍ അസ്ഫാല്‍റ്റ് റണ്‍വേ റീകാര്‍പെറ്റിങിനായി സ്ഥാപിച്ചു. 1,50,000 മീറ്റര്‍ ഡക്റ്റ് പൈപ്പ് ശൃംഖല സ്ഥാപിക്കുകയും 5.5 ലക്ഷം ചതുരശ്ര മീറ്ററിന്റെ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്ഗ്രഡേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൊത്തം 2.40 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഏരിയ റീ കാര്‍പെറ്റ് ചെയ്തു. 500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 2015-ലാണ് വിമാനത്താവളത്തിലെ റണ്‍വേ അവസാനമായി റീകാര്‍പെറ്റ് ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *