Your Image Description Your Image Description

ആലപ്പുഴ : ലഹരികേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട 99ശതമാനം പേരും കേരളത്തിൽ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി’ ജില്ല പഞ്ചായത്ത് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ മുമ്പുള്ളതിനേക്കാൾ കൂടുതലായി ലഹരി ഉപയോഗിക്കുന്നുണ്ട്. ബാഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ലഹരിയെത്തുന്നത്.

ആന്റമൻ, ഡൽഹി, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തി കേരളാ പൊലീസ് ലഹരി സംഘങ്ങളെ പിടിച്ചിട്ടുണ്ട്. ആൻഡമാനിലെത്തി ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന 100 കോടിയിലധികം വിലവരുന്ന രാസലഹരി കേരള പൊലീസ് നശിപ്പിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞവർഷം ഇന്ത്യയിൽ പിടിച്ചത് 25000 കോടി രൂപയുടെ രാസലഹരിയാണ്. ഈ കാലയളവിൽ കേരളത്തിൽ പിടിച്ചത് 60 കോടിയുടെ ലഹരിയാണ്. കുട്ടികൾ ലഹരിക്ക് അടിമപ്പെട്ടാൽ മാതാപിതാക്കൾ അത് മറച്ചുവെക്കുകയോ മൂടി വെക്കുകയോ ചെയ്യാതെ കൃത്യമായ ചികിത്സ നൽകുക. ഇരകളെ കുറ്റവാളികളായി അല്ല നമ്മൾ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച പാരന്റിങ് സംബന്ധിച്ച കേരളത്തിലെ മാതാപിതാക്കൾക്ക് പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു.

ലിയോ തേർട്ടീന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ ലോഗോ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കളക്ടർ അലക്സ് വർഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിയോ തേർട്ടീന്ത് എച്ച്എസ്എസ് കോർപ്പറേറ്റ് മാനേജ്മെന്റ് മാനേജർ ഫാ. ഫ്രാൻസിസ് കൊടിയനാട് മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ റിയാസ്, ജോൺ തോമസ്, ബിനിത പ്രമോദ്, വി ഉത്തമൻ, പി അഞ്ചു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്,സെക്രട്ടറി കെ ആർ ദേവദാസ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ, അഡീഷണൽ എസ് പി എസ് അമ്മിണി കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

ലഹരിമുക്ത കാമ്പയിൻ ആൻഡ് ജെപിസി എം ജിഎൻആർഇജിഎസ് ജില്ലാ കോ ഓർഡിനേറ്റർ വി പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കണ്ടറി തുല്യത കോഴ്സിന്‍റെ പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷനും മന്ത്രി രാജേഷ് നിർവഹിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് ഷാൻ നിവാസിൽ കെ എൻ രേവമ്മയുടെ രജിസ്ട്രേഷൻ ഫോം മന്ത്രി ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും, ഏജൻസികളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ലഹരിക്കെതിരെയുള്ള കാമ്പയിൻ പ്രവർത്തനം ജില്ലയിൽ ആരംഭിക്കുകയാണ്. കായികരംഗം, യുവജന കൂട്ടായ്മകൾ ബാലോത്സവങ്ങൾ, യുവതക്കൊപ്പം, കൗൺസിലിംഗ്, ബഹുജന ബോധവൽക്കരണ പരിപാടികൾ തുടങ്ങി സമസ്ത മേഖലകളെയും ഉൾപ്പെടുത്തിയിട്ടുള്ള ഹൃസ്വകാല ദീർഘകാല പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *