Your Image Description Your Image Description

10 ​ഗ്രാം മരക്കഷ്ണത്തി​ന് ഒരു കിലോ സ്വർണത്തി​ന്റെ വില. ഇത്രയും വിലയുള്ള മരമേതെന്നല്ലേ? കൈനം (Kynam) എന്നറിയപ്പെടുന്ന അഗര്‍വുഡ് ഇനത്തില്‍പ്പെടുന്ന മരമാണിത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മരം ‘ദൈവങ്ങളുടെ മരം’ എന്നും അറിയപ്പെടുന്നു. തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, മിഡില്‍ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് ഈ അഗര്‍വുഡ് മരം സാധാരണ കണ്ട് വരുന്നത്.

പെര്‍ഫ്യൂം വ്യവസായത്തിന് ഒഴിച്ച് കൂടാനാകാത്ത ഈ മരം ഊദ് നിര്‍മ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയുള്ള പ്രകൃതിദത്ത വസ്തുക്കളില്‍ ഒന്നായാണ് കൈനം ഇന്ന് അറിയപ്പെടുന്നത്. 10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപയാണ് വിലയെന്ന് അൽജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് 600 വര്‍ഷം പഴക്കമുള്ള 16 കിലോ വരുന്ന കൈനത്തിന്‍റെ ഒരു മരക്കഷ്ണത്തിന് ലഭിച്ച വില 171 കോടി രൂപയായിരുന്നു.

ഈ മരത്തിന് ഇത്രയേറെ വില ഉയരാന്‍ കാരണം അതിന്‍റെ പ്രത്യേകത തന്നെയാണ്. ഒരു പ്രത്യേക തരം പൂപ്പല്‍ ബാധയ്ക്ക് വിധേയനാകുമ്പോൾ മരം സ്വഭാവികമായി ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു റെസിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് മരത്തെ അസാധാരണമായ സുഗന്ധമുള്ളതാക്കി തീര്‍ക്കുന്നു. എന്നാല്‍ ഈ പ്രക്രിയയ്ക്ക് പതിറ്റാണ്ടുകളെടുക്കും. അതേസമയം മരം മുഴുവനായും റെസിന്‍ ഉത്പാദിപ്പിക്കുന്നില്ല. പകരം മരത്തിന്‍റെ ഒരു വശത്ത് നിന്ന് മാത്രമേ ഈ റെസിന്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.

അതേസമയം ഈ മരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിലാണ്. മിഡില്‍ ഈസ്റ്റില്‍ അതിഥികൾ വീട്ടിലേക്ക് എത്തുമ്പോൾ അവരെ സ്വീകരിക്കാനായി ഈ മരത്തിന്‍റെ ചെറിയൊരു കഷ്ണം പുകയ്ക്കുന്ന പതിവുണ്ട്. ഇത് വീട്ടിനുള്ളില്‍ ഏറെ നേരം നിലനില്‍ക്കുന്ന ഒരു പ്രത്യേക തരം സുഖന്ധം ഉത്പാദിപ്പിക്കുന്നു. കൊറിയയില്‍ ഈ മരം പാരമ്പര്യ ആരോഗ്യ വൈന്‍ നിർമ്മാണത്തില്‍ ഉപയോഗിക്കുന്നു. ചൈനയിലും ജപ്പാനിലും ഈ മരം ആത്മീയവും ആചാരപരവുമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ പ്രധാനമായും അസമിലാണ് ഈ മരം കണ്ട് വരുന്നത്. അസമില്‍ പ്രദേശിക കര്‍ഷകര്‍ ഈ മരം വാണിജ്യ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *