Your Image Description Your Image Description

ആഗോള ആരോഗ്യ മേഖലയിൽ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം യുഎസിന്റെ കൈയൊഴിയലിനെ പറ്റിയാണ്. എച്ച്‌ഐവിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന രാജ്യമാണ് യുഎസ്. എന്നാൽ, പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും എത്തിയപ്പോൾ ഇക്കാര്യത്തിൽ പുതിയ ചില മാറ്റങ്ങൾ വന്നു. ട്രംപും ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ചേർന്ന് ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം നിര്‍ത്തിവെച്ചതോടെ ആഗോള തലത്തില്‍ ദിവസവും 2000 എച്ച്‌ഐവി രോഗികളുണ്ടാകുന്നതിന് വഴിയൊരുങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉപദേശക സമിതിയായി പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പാണ് (ഡോജ്) അന്തര്‍ദേശീയ വികസനത്തിന് വേണ്ടി മാറ്റിവെക്കുന്ന യുഎസ്എയ്ഡ് വിദേശകരാറുകളുടെ 90 ശതമാനം വെട്ടിക്കുറയ്ക്കാനും ആഗോള തലത്തില്‍ യുഎസ് നല്‍കി വരുന്ന 6000 കോടി ഡോളര്‍ സഹായം നിര്‍ത്തലാക്കാനും തീരുമാനിച്ചത്.

ഈ തീരുമാനം വ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക, പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍. പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രയാസമനുഭവിക്കുന്ന രാജ്യങ്ങളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടേയും വിതരണത്തെയും ബാധിക്കുന്നതിനൊപ്പം ആഗോള തലത്തില്‍ എച്ച്‌ഐവി വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കങ്ങളേയും ഇത് സാരമായി ബാധിക്കും. മസ്‌കിന്റേയും ട്രംപിന്റേയും തീരുമാനം എട്ടോളം രാജ്യങ്ങളില്‍ എച്ച്‌ഐവി ചികിത്സയെത്തിക്കുന്നത് തടസപ്പെടുത്തിയെന്ന് മാര്‍ച്ച് 17 ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഹെയ്തി, കെനിയ, ലെസോത്തോ, സൗത്ത് സുഡാന്‍, ബുര്‍ഖിന ഫാസോ, മാലി, നൈജീരിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ എച്ച്‌ഐവി ചികിത്സകള്‍ക്കാവശ്യമായ വസ്തുക്കള്‍ വരും മാസങ്ങളില്‍ തീരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന എച്ച്‌ഐവി, രോഗബാധയെ ചെറുക്കാന്‍ സഹായിക്കുന്ന സിഡി4 സെല്ലുകളെയാണ് ബാധിക്കുന്നത്. ഇതിന് മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എച്ച്‌ഐവി ക്രമേണ ഇല്ലാതാക്കും. അതുവഴി ശരീരം ഗുരുതര രോഗബാധയ്ക്കും രോഗങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുന്ന സ്ഥിതി വരും. എച്ച്‌ഐവി രോഗബാധ ഏറ്റവും കൂടുതലാകുന്ന ഘട്ടമാണ് എയ്ഡ്‌സ്. രോഗപ്രതിരോധശേഷി ഗുരുതരമായി നശിപ്പിക്കപ്പെടുമ്പോഴാണ് അത് എയ്ഡ്‌സിലേക്ക് മാറുന്നത്. ഈ ഘട്ടത്തിലേക്ക് എത്തുന്നതോടെ അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങളെ ചെറുക്കാനുള്ള ശേഷി ശരീരത്തിനില്ലാതാവും. ഈ ഘട്ടത്തില്‍ സാധാരണ രോഗങ്ങളായ ന്യുമോണിയ, ടിബി എന്നിവ പോലും മരണത്തിലേക്ക് നയിച്ചേക്കാം. ശരിയായ രീതിയില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ എച്ച്‌ഐവി ക്രമേണ രോഗങ്ങള്‍ ബാധിക്കുന്നതിനും മരണത്തിനും കാരണമാവും.

എന്നാല്‍ ആന്റിറെട്രോവൈറല്‍ തെറാപ്പി (എആര്‍ടി)യിലൂടെ ഈ വൈറസിനെ നേരിടാന്‍ ആളുകള്‍ക്ക് സാധിക്കും. എന്നാല്‍ യുഎസ്എയ്ഡ് നിര്‍ത്തലാക്കുന്നതോടെ ഈ ചികിത്സകള്‍ മുടങ്ങിയേക്കും. യുഎസ്, യുകെ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള സഹായം നിലച്ചാല്‍ 2025 നും 2030 നും ഇടയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും അടക്കം എച്ച്ഐവി അനുബന്ധ മരണങ്ങള്‍ 7.7 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമായി വര്‍ധിക്കുമെന്നും പുതിയ എച്ച്‌ഐവി രോഗബാധിതരുടെ എണ്ണം 44 ലക്ഷത്തില്‍ നിന്ന് 1.08 കോടിയായി വര്‍ധിക്കുമെന്നുമാണ് ദി ലാന്‍സെറ്റിന്റെ പുതിയ പഠനം പറയുന്നത്. എച്ച്‌ഐവി പ്രതിരോധത്തിനുള്ള ഫണ്ടിലേക്ക് 90 ശതമാനവും നല്‍കുന്നത് യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളാണ്. 2025-26 കാലയളവിലേക്കുള്ള ധനസഹായത്തില്‍ നിന്ന് 8 ശതമാനം മുതല്‍ 70 ശതമാനം വരെ ഇവര്‍ ധനസഹായം വെട്ടിക്കുറച്ചിരുന്നു. 2025 ജനുവരി 20 ന് യുഎസ് ഈ ധനസഹായം പാടെ നിര്‍ത്തലാക്കുകയും ചെയ്തു. എച്ച്‌ഐവി പ്രതിരോധത്തിന് ലഭിക്കുന്ന ഫണ്ടില്‍ 73 ശതമാനവും യുഎസ് ആണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *