Your Image Description Your Image Description

സിഡ്നി: ഡിമെൻഷ്യ രോ​ഗബാധിതയായ 95കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ട് കോടതി. ഓസ്ട്രേലിയയിലെ ഒരു കെയർ ഹോമിന് അടുത്ത് കയ്യിൽ അടുക്കളയിലുപയോഗിക്കുന്ന കത്തിയുമായെത്തിയ വയോധികയെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് പൊലീസുകാരൻ ടേസർ ചെയ്തത്. എന്നാൽ വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ 95കാരി വീഴ്ചയിലുണ്ടായ ഗുരുതര പരിക്ക് മൂലമാണ് മരിച്ചത്.

2023 മെയ് മാസത്തിലായിരുന്നു സംഭവം. 95 കാരിയായ ക്ലെയർ നൌലാൻഡ് എന്ന വയോധികയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ തിടുക്കപ്പെട്ടുള്ള നടപടിക്കിടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്രിസ്റ്റ്യൻ വൈറ്റ് എന്ന പൊലീസുകാരനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സംഭവം വലിയ രീതിയിൽ പ്രതിഷേധത്തിന് കാരണമായതോടെ പൊലീസുകാരനെ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ക്രിസ്റ്റ്യൻ വൈറ്റിന് തടവ് ശിക്ഷയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ന്യൂ സൌത്ത് വെയിൽസ് സുപ്രീം കോടതിയുടെ വിധി എത്തിയത്. പൊലീസുകാരന്റെ ഭാഗത്ത് നിന്നുണ്ടായത ഗുരുതരമായ പിഴവാണെന്ന് വിലയിരുത്തിയ ശേഷമാണ് വിധി.

വയോധിക ആക്രമണകാരിയല്ലെന്ന് തിരിച്ചറിയാൻ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചില്ല. സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറുന്നതിൽ വന്ന പിഴവിന് ഉദ്യോഗസ്ഥന് ജോലി നഷ്ടമാവുകയും സമൂഹത്തിൽ വലിയ രീതിയിൽ അനഭിമതൻ ആവുകയും ചെയ്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പുറമേ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന് ജയിൽവാസം ഏറെ ബുദ്ധിമുട്ടേറിയതാവുമെന്നും വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.

രണ്ട് വർഷത്തേക്ക് നല്ല നടപ്പിനാണ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ ജയിൽ ശിക്ഷ ഒഴിവാക്കിയതിനെതിരെ രൂക്ഷമായാണ് 95കാരിയുടെ കുടുംബം പ്രതികരിക്കുന്നത്. ഒരാളെ കൊലപ്പെടുത്തിയതിന് കയ്യിൽ തലോടൽ നൽകുന്നതാണ് കോടതി വിധിയെന്നും 95കാരിക്ക് നീതി ലഭിച്ചില്ലെന്നുമാണ് കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *