Your Image Description Your Image Description

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഏകോപന ചുമതല മുൻ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനിൽകുമാറിനു നൽകി കോൺഗ്രസ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്.മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം നിലമ്പൂർ മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കേ ആണ് പി.വി അന്‍വറിന്റെ രാജി ഉണ്ടായത് . ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം അനുസരിച്ചാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളം ഒരു ഉപതിരഞ്ഞെടുപ്പിനെക്കൂടി നേരിടുന്നത് . നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 14 മാസം മാത്രമേയുള്ളൂവെന്നതിനാല്‍ ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാനും സാധ്യതയുണ്ട് എന്ന് അൻവർ രാജി വയ്ക്കുമ്പോൾ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു .ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍ തന്നെ നിലപാട് എടുക്കുകയും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്നുമുന്നണികളും ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ച മണ്ഡലത്തില്‍ അന്ന് മുതൽ തുടങ്ങിക്കഴിഞ്ഞിരുന്നു . 2021-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്. നാലില്‍ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എല്‍ഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിര്‍ത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവില്‍ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാല്‍ നിലമ്പൂരില്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാന്‍ യുഡിഎഫിന്റെ പിന്തുണയോടെ അന്‍വറും അന്‍വറിന് മറുപടി കൊടുക്കാന്‍ എല്‍ഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് അത്ര എളുപ്പമുളളതാകില്ലെന്ന് തന്നെയാണ് സൂചനകള്‍.
വി.എസ് ജോയ് സ്ഥാനാര്‍ത്ഥിയാവണം എന്ന ഉറച്ച നിലപാടിൽ കോണ്‍ഗ്രസില്‍ ഭിന്നതയുടെ വിത്തെറിഞ്ഞ് അന്‍വര്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാവാതെ നിന്നിരുന്നു .എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ വിഡി സതീശനോടും രാഹുല്‍ ഗാന്ധിയോടും ഇതുവരെ ഉന്നയിച്ച സര്‍വാരോപണങ്ങള്‍ക്കും മാപ്പ് പറഞ്ഞുകൊണ്ട് യുഡിഎഫിന്റെ പിന്തുണ ഉറപ്പിച്ചു അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും പറഞ്ഞു. പക്ഷെ, അന്‍വര്‍ സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേര് നിര്‍ദേശിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴിമരുന്നിടുന്നതാണ്.മലയോര മേഖലയിലെ വന്യജീവി പ്രശ്നങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വര്‍ പറഞ്ഞതെങ്കിലും ജോയിയെ നിര്‍ദ്ദേശിച്ചതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനുള്ള അന്‍വറിന്റെ നീക്കം ഉണ്ടെന്നത് വ്യക്തമായിരുന്നു .൪എന്നാൽ ഇപ്പോൾ അതൊക്കെ തള്ളിക്കൊണ്ടാണ് കോൺഗ്രസ് നേതൃത്വം ആര്യാടനെ തന്നെ നിലമ്പൂർ ഏൽപ്പിക്കുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നത് .അങ്ങനെയെങ്കിൽ തന്റെ ബദ്ധ ശത്രുവായ ആര്യാടന്‍ ഷൗക്കത്ത് താന്‍ രാജിവെച്ച ഒഴിവില്‍ ജയിച്ച് കയറരുതെന്ന ബുദ്ധിയോടെ ഉപ തിരഞ്ഞെടുപ്പില്‍ വി.എസ് ജോയി സ്ഥാനാര്‍ത്ഥിയാകണം എന്ന് നിര്‍ദ്ദേശിച്ച അൻവർ കോൺഗ്രസിനെതിരെ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിക്കാം .എങ്കിൽ കോൺഗ്രസിൽ ഇനിയും കൂട്ടയടി ഉറപ്പാണ് . ഇത് തന്നെയാകും കോണ്‍ഗ്രസും യുഡിഎഫ് മുന്നണിയും വരും ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന വലിയ പ്രതിസന്ധിയും.അതെ സമയം ഇടതുപക്ഷം തങ്ങളുടെ ശക്തനായ നേതാവ് സ്വരാജിനെയാണ് നിലമ്പൂർ ഇല്പിച്ചുകൊടുക്കുന്നത് .കോൺഗ്രസിൽ കിട്ടാത്ത സീറ്റിനു വേണ്ടി തമ്മിൽ തല്ലുമ്പോൾ കസേരയിൽ സ്വരാജ് ഇരിക്കുമെന്ന് രണ്ടമതൊന്ന് ആലോചിക്കാതെ ഉറപ്പിക്കാം .

Leave a Reply

Your email address will not be published. Required fields are marked *