Your Image Description Your Image Description

തിരുവനന്തപുരം: ആശവര്‍ക്കര്‍മാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങൾ അധിക വേതനം നൽകുമെന്നുള്ള പ്രചാരണം തട്ടിപ്പെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പാണ്. ഇതൊക്ക അപ്രായോഗികമായ തീരുമാനം ആണെന്നും സര്‍ക്കാര്‍ അനുമതി നൽകുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ
നിലപാട്. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെ ഇടതു മുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ കൂടി ലക്ഷ്യമിട്ടാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അധിക സഹായം തീരുമാനിച്ചത്.

ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ചത്. നിലവിൽ 23 തദ്ദേശ സ്ഥാപനങ്ങളാണ് അധിക സഹായം തീരുമാനിച്ചത്. എന്നാൽ ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ആരോഗ്യം, ക്ഷേമം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവാക്കാമെന്ന് പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമം പറയുന്നത്. എന്നാൽ തോന്നുംപടി ചെലവഴിക്കാനാകില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം. തനതു ഫണ്ടിലെങ്കിലും പ്രൊജക്ട് നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതികളുടെ അനുമതി വേണം. പല തദ്ദേശ സ്ഥാപനങ്ങളിൽ പല വേതനമെന്നതടക്കം ചൂണ്ടിക്കാട്ടി അധികസഹായത്തിന് സര്‍ക്കാരിന് അനുമതി നിഷേധിക്കാം. അങ്ങനയെങ്കിൽ യുഡിഎഫും ബിജെപിയും അത് രാഷ്ട്രീയ ആയുധമാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം തട്ടിപ്പെന്ന് മന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിക്കുകയാണ് സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശ വർക്കർമാർ. സമരത്തിന്റെ അന്‍പതാം ദിവസമായ തിങ്കളാഴ്ച സമരപ്പന്തലിൽ മുടിമുറിച്ച് പ്രതിഷേധം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമര സമിതി പറഞ്ഞു. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *