Your Image Description Your Image Description

ബറേലി: ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ പിതാവിനെ അന്വേഷിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങിയ 14 വയസ്സുകാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച രാത്രി ബറേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ യാർഡിന് സമീപമായിരുന്നു സംഭവം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നില ഗുരുതരമായതിനാൽ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കാനുള്ള സാധ്യത നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ‘പുറത്തിറങ്ങിയ പിതാവിനെ കാണാതായതോടെ പെൺകുട്ടി ട്രെയിനിൽ നിന്ന് വെളിയിലിറങ്ങി. അതിനു ശേഷമാണ് കുട്ടി ബലാത്സംഗത്തിനിരയായത്. ഇപ്പോൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ കുട്ടി ചികിത്സയിലാണ്’, പോലീസ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് പെൺകുട്ടിയും കുടുംബാംഗങ്ങളും ഉത്തർപ്രദേശിലെ സ്വന്തം സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ ബറേലി ജങ്ഷനിൽ എത്തിയപ്പോൾ പിതാവ് ഭക്ഷണത്തിനായി ഇറങ്ങി. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന് തിരികെ കയറാൻ കഴിഞ്ഞില്ല. പിതാവിനെ കമ്പാർട്ടുമെന്റിൽ കാണാത്തതിനാൽ പെൺകുട്ടി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി. തുടർന്ന് അവൾ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് അജ്ഞാതരായ ആളുകൾ ആക്രമിച്ചതെന്ന് ബറേലിയിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ അശുതോഷ് ശുക്ല പറഞ്ഞു.

വ്യാഴാഴ്ച രാത്രി 9:30 ഓടെ പെൺകുട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) ജീവനക്കാരുടെ അടുത്തെത്തി ബലാത്സംഗത്തിന് ഇരയായതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഗവൺമെന്റ് റെയിൽവേ പോലീസിനെ (ജി‌ആർ‌പി) അറിയിക്കുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവളുടെ അച്ഛനും ആശുപത്രിയിൽ എത്തി. കുറ്റവാളികളെ കണ്ടെത്താൻ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സ്ഥലം പരിശോധിച്ച് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്.പി അറിയിച്ചു. റെയിൽവേ പൊലീസുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബറേലിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *