Your Image Description Your Image Description

മുംബൈ: മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയ്ക്കുള്ള ഈദ് ആഘോഷവേളയിൽ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി. എക്സ് പോസ്റ്റിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതെത്തുടർന്ന് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി. മുംബൈയിലെ ഡോങ്റി മേഖലയിലാണ് സംഘർഷമുണ്ടാകുമെന്ന് ഭീഷണി ഉയർത്തിയിരിക്കുന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *