ചെറുപ്പത്തിൽ തനിക്ക് നേരെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാർ. ചെറുതായിരുന്നപ്പോൾ തന്നെ അഞ്ചോ ആറോ ആളുകൾ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. സീ 5 തമിഴിലെ ഒരു ഡാൻസ് പരിപാടിയിൽ ജഡ്ജായി എത്തിയപ്പോഴായിരുന്നു തനിക്കുണ്ടായ അനുഭവം കണ്ണീരോടെ നടി പങ്കുവെച്ചത്.
ഷോയിലെ മത്സരാർത്ഥികളിൽ ഒരാൾ കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് വരലക്ഷ്മി വികാരാധീനയായി തന്റെ അനുഭവവും പങ്കിട്ടത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികൾക്ക് രക്ഷിതാക്കൾ ഗുഡ്-ബാഡ് ടച്ചുകൾ ഏതാണെന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും വരലക്ഷ്മി ഷോയിൽ പറഞ്ഞു.
‘ഒരു കാര്യമറിയാമോ. നിന്റെ സ്റ്റോറി എന്റെയും സ്റ്റോറിയാണ്. എല്ലാവരും വിചാരിക്കും ഞങ്ങൾ സ്റ്റാർ ഫാമിലിയാണ്. അതുകൊണ്ട് ഇതൊന്നും നടക്കില്ലെന്ന്. കഷ്ടപ്പാട് തന്നെയാണ്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ, ഞങ്ങളെ നോക്കാൻ മറ്റൊരാളുടെ അടുത്ത് ആക്കും. നോക്കിക്കൊള്ളണമെന്ന് പറഞ്ഞാണ് ഏൽപ്പിക്കുന്നത്. അവർ നല്ലവരാണെന്ന് കരുതിയാണ് നമ്മളെ അവിടെ ആക്കിപ്പോകുന്നത്. ആ സമയത്ത് എന്നെ അഞ്ചോ ആറോ പേർ ഉപദ്രവിച്ചിട്ടുണ്ട്. ആ ട്രോമയിൽ നിന്നെല്ലാം ഞാൻ കരകയറി. അതുകൊണ്ടാണ് എനിക്ക് നിന്നെ മനസിലാകുന്നത്’, എന്നാണ് വരലക്ഷ്മി മത്സരാർത്ഥിയോട് പറഞ്ഞത്.