Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായിആലപ്പുഴ അതിദാരിദ്ര്യ വിമുക്ത ജില്ലയായി സെപ്റ്റംബറോടെ  മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നിലവിലെ പുരോഗതി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി വിലയിരുത്തി. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

അതിദാരിദ്ര വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള നടപടികൾ അതിവേഗം  ജില്ലയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
പദ്ധതിയുടെ കീഴിൽ ഭവനരഹിതരുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന  ഭവന നിർമ്മാണ പ്രവർത്തനങ്ങൾ മെയ് മാസത്തിനകം പൂർത്തിയാക്കും. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏപ്രിൽ 15 നകവും പൂർത്തിയാക്കും.ജില്ലയിൽ പദ്ധതിയുടെ നടത്തിപ്പ് 90.78 ശതമാനവും നിലവിൽ പൂർത്തിയായതായി ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു.

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി  സംസ്ഥാനത്ത് ആരംഭിച്ചത്.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കണ്ട് ആവശ്യമായവർക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. ജില്ലയിൽ ആകെ കണ്ടെത്തിയ അതി ദരിദ്ര കുടുംബങ്ങൾ 3613 പേരാണ്. ഇതിൽ സേവനം നൽകുവാൻ അവശേഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം 333 ആണ്. അതിദരിദ്രരായി കണ്ടെത്തിയവരുടെ ഇടയിൽ ഭക്ഷണം, ആരോഗ്യം , വരുമാനം എന്നി ക്ലേശ ഘടകങ്ങൾ പൂർണമായും പരിഹരിച്ചു. ആവശ്യമായ 208 പേർക്ക് വാടക വീട് എടുത്തുനൽകിയിട്ടുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഭവന പുനരുദ്ധാരണം ആകെ ആവശ്യമായത് 466 കുടുംബങ്ങൾക്കായിരുന്നു. ഇതിൽ ശേഷിക്കുന്നത് 39 പേർ മാത്രമാണ്. ആവശ്യമായവർക്ക് വസ്തുവും വീടും കണ്ടെത്തി നൽകുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്.

യോഗത്തിൽ എഡിഎം ആശ സി എബ്രഹാം, എൽ എസ് ജി ഡി ജോ. ഡയറക്ടർ എസ്  ശ്രീകുമാർ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ഫിലിപ്പ് ജോസഫ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *