Your Image Description Your Image Description

ഗാസ: ഇസ്രയേൽ ​ഗാസയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഗാസയിലെ സെയ്തൂൻ, ടെൽ അൽ ഹവ എന്നിവിടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ അവസാനിപ്പിച്ച് ആക്രമണം പുനരാരംഭിച്ചതിന് ശേഷം മാത്രം 1.42 ലക്ഷം പലസ്തീനികളെ ​ഗാസയുടെ വിവിധ മേഖലകളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. ബന്ദികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് നെതന്യാഹു പറഞ്ഞത്.

ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിൻറെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു.

അതേസമയം, ഹമാസ് ​ഗാസ വിട്ടു പോകണമെന്നാവശ്യപ്പെട്ട് പലസ്തീനികൾ തെരുവിലിറങ്ങി. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ​ഗാസ വിട്ട് പോകണമെന്നാണ് ​ഗാസയിലെ പലസ്തീനികളുടെ ആവശ്യം. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് ജനം ഹമാസിനെതിരെ തെരുവിലിറങ്ങിയത്. നൂറുകണക്കിന് ആളുകളാണ് ​ഹമാസിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഇസ്രായേലുമായുള്ള യുദ്ധത്തിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ​​ഹമാസ് ​ഗാസ വിട്ട് പോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം. ‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി.

അതിനിടെ, മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാസയുടെ കൂടുതൽ ഭാഗങ്ങളിൽനിന്ന് ഒഴിയാൻ പലസ്തീനികളോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ൽ അധികം പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.

അതേസമയം, ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേൽ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേൽ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച് തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാ​ഗമായായിരുന്നു ഇസ്രയേൽ പതാക കത്തിച്ചത്. സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ പലസ്തീന്റെ പതാക പരസ്യമായി കത്തിച്ചവർക്കെതിരെ നടപടി എടുക്കാതെ വിട്ടയച്ചത് ശരിയായില്ല എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാല് യുവതികളടക്കമുള്ള പത്തംഗ സംഘമാണ് ആസാദി തെരുവുനാടകം അവതരിപ്പിച്ചത്. പാലസ്തീൻ പതാകയേന്തി ഹമാസ് അനുകൂലവും ഇസ്രയേൽ വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ സംഘം ഉയർത്തി. മലപ്പുറം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ തിരിച്ചറിയൽ കാർഡിലെ വിശദാംശങ്ങൾ രേഖപ്പെടുത്തി വിട്ടയച്ചതായും ഫോർട്ട്‌കൊച്ചി പൊലീസ് പറഞ്ഞു. അവരെ സഹായിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *