Your Image Description Your Image Description

ദാമ്പത്യത്തിൽ തന്നെ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതോടെ പരസ്പരം ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും പരസ്പരം മിണ്ടാതാകുകയും ചെയ്യുന്ന ദമ്പതികളാണ് ഇന്ന് കൂടുതലും. വിവാഹ മോചനത്തിന് മുമ്പ് തന്നെ വിഴുപ്പലക്കൽ തുടങ്ങും. വാസ്തവ വിരു​ദ്ധമായ കാര്യങ്ങൾ പോലും തങ്ങളുടെ ഭാ​ഗം ജയിക്കാനായി ഇരുവരും ഉന്നയിച്ചെന്നും വരാം. എന്നാൽ, ഇത്തരം സാഹചര്യത്തിൽ തീർത്തും വ്യത്യസ്തരാകുകയാണ് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും. ഇരുവരും ചെന്നൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചതാണ് നെറ്റിസൺസിനിടയിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ നൽകിയത്. ജി.വി.പ്രകാശും സൈന്ധവിയും കോടതിയിലേക്ക് എത്തിയതും മടങ്ങിപ്പോയതും ഒരേ കാറിലാണ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇരുവരുടെയും പരസ്പര ബഹുമാനത്തെ പുകഴ്ത്തുകയാണ് ആരാധകർ.

കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.

വേർപിരിയൽ പ്രഖ്യാപിച്ച ശേഷവും ജി.വി.പ്രകാശ് കുമാറും സൈന്ധവിയും ഒരുമിച്ച് വേദി പങ്കിട്ടത് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മലേഷ്യയിൽ നടന്ന സംഗീതപരിപാടിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. വേർപിരിയലിനു ശേഷം വേദിയിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ പലവിധ ചർച്ചകളും ഉടലെടുത്തിരുന്നു. ജി.വി.പ്രകാശും സൈന്ധവിയും വീണ്ടും ഒരുമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇരുവരും ഒന്നിച്ചു വേദി പങ്കിട്ടതെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ ബലപ്പെട്ടു. ചർച്ചകൾ തുടർന്നതോടെ ഇനിയൊരിക്കലും ജീവിതത്തിൽ ഒരുമിക്കില്ലെന്നു തീർത്തുപറഞ്ഞ് ജി.വി.പ്രകാശ് രംഗത്തെത്തുകയും ചെയ്തു.

2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *