Your Image Description Your Image Description

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളിൽ രണ്ട് രീതിയായാണ് തലസ്ഥാനത്ത് നടക്കുന്നത്. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം മുട്ടത്തറയിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിലാണ് ഡ്രൈവിങ് പരീക്ഷ നടത്തുന്നത്. എന്നാല്‍, കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചവർക്ക് ആനയറയില്‍ പ്രത്യേകം റെസ്റ്റാണ് നടത്തുകയാണ്. അവർക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് ഒഴിവാക്കി നൽകിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പക്ഷപാതം. ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനമായതിനാല്‍ ബാഹ്യഇടപെടലിനും പക്ഷപാതത്തിനും സാധ്യതയില്ലെന്നതാണ് നേട്ടം. വകുപ്പ് ആദ്യമായി ഏര്‍പ്പെടുത്തിയ മോഡല്‍ ടെസ്റ്റിങ് ട്രാക്കാണിത്.

കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്നവർക്ക് കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിന് പകരം ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫലം വിലയിരുത്തുന്നത്. വകുപ്പിന് സ്വന്തമായി ടെസ്റ്റിങ് ട്രാക്കില്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകാര്‍ വാടകയ്‌ക്കെടുത്ത സ്ഥലങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താറുണ്ടെങ്കിലും ആ ഓഫീസിലെ എല്ലാവര്‍ക്കും ഒരു ട്രാക്കില്‍ തന്നെയാണ് ടെസ്റ്റ് നടത്താറുള്ളത്. നിലവിൽ കെഎസ്ആര്‍ടിസിക്കു വേണ്ടി പ്രത്യേകം ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഫലത്തില്‍ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് രണ്ടുതരം ഡ്രൈവിങ് ടെസ്റ്റുകളാണ് നടക്കുന്നത്. കെഎസ്ആര്‍ടിസിയിലാണെങ്കില്‍ ഓട്ടോമേറ്റഡ് ട്രാക്ക് ഒഴിവാക്കാം.

ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കിനെതിരേ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ കേസില്‍ ഒരേ ടെസ്റ്റിങ് രീതി തുടരണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. കൃത്രിമമായി വിജയശതമാനം കൂട്ടാനാണ് കെഎസ്ആര്‍ടിസി ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് ഒഴിവാക്കിയതെന്നാണ് വിമര്‍ശനം. എന്നാൽ, കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിക്കുന്നവരെ ഒരു മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനഃപൂര്‍വം തോല്‍പ്പിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. അസി.ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് ഈ ആക്ഷേപമുള്ള കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *