Your Image Description Your Image Description

തലവേദന എടുക്കുമ്പോൾ ഒരു കപ്പ് കാപ്പി കിട്ടിയിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ചിന്തിക്കാത്തവർ കാണില്ല. ജോലിക്കിടെ കാപ്പിയുടെ ആവശ്യം കൂടുമെന്ന് തന്നെ പറയാം. എന്നാൽ മെഷീനില്‍ നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാല്‍ ക്ഷീണവും തലവേദനയുമെല്ലാം ക്ഷണനേരം കൊണ്ട് ഗുഡ് ബൈ പറയുമെങ്കിലും ഈ കാപ്പിക്ക് ചില ദോഷ വശങ്ങളുണ്ട്. ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീന്‍ കാപ്പി കുടിക്കുന്നവര്‍ ഉണ്ടാകും. ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഇത്തരം മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്ട്രോളിന്‍റെ അളവു വര്‍ധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോള്‍, കഹ്വിയോള്‍ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പികളില്‍ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്‌സാല സര്‍വകലാശാലയിലെയും ചാല്‍വേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എല്ലത്തരം കാപ്പികളും ഒരുപോലെയല്ല. ഫില്‍റ്റര്‍ ചെയ്യാത്ത കാപ്പി കൊളസ്‌ട്രോള്‍ അളവു കൂട്ടും. കോഫി മെഷീനില്‍ ഉണ്ടാക്കുന്ന കാപ്പിയില്‍ കടലാസില്‍ ഫില്‍ട്ടര്‍ ചെയ്യുന്ന കാപ്പിയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന സംയുക്തങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

14 വ്യത്യസ്ത ഓഫീസ് മെഷീനുകളില്‍ നിന്നുള്ള കാപ്പികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇത്തരം കാപ്പികളില്‍ കഫെസ്റ്റോള്‍, കഹ്വിയോള്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സാധാരണയായി, പേപ്പർ ഫിൽട്ടറുകൾ ഈ പദാർത്ഥങ്ങളെ ഫില്‍ട്ടര്‍ ചെയ്തെടുക്കുന്നു. എന്നാല്‍ മെഷീനില്‍ അല്ലെങ്കില്‍ ബ്രൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ഫിൽട്ടറുകൾ അവയെ ഫില്‍ട്ടര്‍ ചെയ്യാതെ കടത്തിവിടുകയും നിങ്ങളുടെ കാപ്പില്‍ അവയുടെ സാന്ദ്രത കൂടുകയും ചെയ്യുന്നു.

അതേസമയം കാപ്പി സ്ഥിരമായി കുടിക്കുന്നത് രക്ത സമ്മർദ്ദം ഉയരാൻ ഇടയാക്കുന്നു. കാപ്പിയിലെ കഫീൻ ആണു ദോഷകരം. കഫീൻ അടങ്ങിയ ഏതു പാനീയവും അളവ് കുറയ്ക്കുക. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിച്ചു കൂടുതൽ അഡ്രിനാലിൻ പുറത്തു വിടാൻ പ്രേരിപ്പിക്കുന്നു. തത്ഫലമായി രക്തസമ്മർദം ഉയരാം. ഒരു ദിവസം 350– 400 മിഗ്രാം വരെ കഫീൻ ശരീരത്തിനു ദോഷകരമല്ല എന്നാണു പഠനങ്ങൾ പറയുന്നത്. ഒരു കപ്പു കാപ്പിയിൽ 60–70 മിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാപ്പി ദിവസം 4–5 ഗ്ലാസ്സിൽ താഴെ കുടിച്ചാൽ പ്രശ്നമില്ല. കാപ്പിയിൽ മാത്രമല്ല കോള, എനർജി ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ചോക്‌ലേറ്റിലുമൊക്കെ കഫീൻ ഉണ്ട്. ന്യൂട്രീഷൻ ലേബൽ നോക്കിയാൽ ഓരോന്നിലുമുള്ള കഫീൻ അളവ് അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *