Your Image Description Your Image Description

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയന്‍താരയെ നായികയാക്കി ആര്‍.ജെ.ബാലാജിയും എന്‍.ജെ. ശരവണനും സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍. 2020-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സുന്ദര്‍ സിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് ആറിന് നടന്ന പൂജയോടെ ഔദ്യോഗികമായി സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.

എന്നാല്‍, സിനിമയുടെ ചിത്രീകരണം അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. സഹസംവിധായകനെ നടി ശാസിച്ചുവെന്നാണ് ഹിന്ദു തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സെറ്റില്‍ കലുഷിതമായ അന്തരീക്ഷമുണ്ടാക്കിയെന്നും സംഭവത്തില്‍ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം ചിത്രത്തില്‍ നിന്ന് നയന്‍താരയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചര്‍ച്ചയായെന്നും അഭ്യൂഹമുണ്ട്. നയന്‍താരയെ മാറ്റി തമന്നയെ പ്രധാന വേഷത്തിലേക്ക് കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, പ്രശ്‌നപരിഹാരത്തിനായി നിര്‍മാതാവ് ഇസാരി കെ. ഗണേഷ് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാതാവ് നയന്‍താരയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമായതിനെത്തുടര്‍ന്ന് ചിത്രീകരണം പുനരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *