Your Image Description Your Image Description

കോട്ടയം: വാഗമണിലെ പാരാഗ്ലൈഡിംഗിൽ പറന്നുയർന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തിൽ പറന്നുവെന്നും, ജീവിതത്തിൽ മാറാനാവാത്ത അനുഭവമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു. പാരാഗ്ലെെഡിംഗ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കൽ. വാഗമണിലെ പാരാഗ്ലെെഡിംഗ് പ്രചാരണത്തിന് കൂടിയാണ് മന്ത്രി തന്നെ യാത്രികനായത്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായാണ് ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലെ പാരാഗ്ലെെഡിംഗ് ഇതിനോടകം തന്നെ ശ്രദ്ധയമാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന രാജ്യാന്തര പാരാഗ്ലെെഡിംഗ് മത്സരം ഇതിനോടകം തന്നെ സഞ്ചാരികൾ ഏറ്റെടുത്തിരുന്നു. മത്സരത്തിന്റെ സമാപനച്ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി പാരാഗ്ലെെഡിംഗ് നടത്തിയത്. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം ബുധനാഴ്ച വാഗമൺ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ചിരുന്നു. ഈ മാസം 23 വരെയാണ് മത്സരം.

ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളും പങ്കെടുക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 1,50,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. മൊത്തം 15 വിദേശ താരങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. മാര്‍ച്ച് 23 ഞായറാഴ്ച വരെയാണ് മത്സരങ്ങള്‍. വാഗമൺ സാഹസിക പ്രവർത്തനങ്ങൾക്കുള്ള ഒരു കേന്ദ്രമാണ്, സാഹസികത ആഗ്രഹിക്കുന്നവർക്ക് ആവേശകരമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതുല്യമായ ഭൂപ്രകൃതിയും അനുകൂലമായ കാലാവസ്ഥയും ഇതിനെ പാരാഗ്ലൈഡിംഗിന് അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു. ഹിൽ സ്റ്റേഷന്റെ പുൽമേടുകളും തുറസ്സായ സ്ഥലങ്ങളും മികച്ച ടേക്ക്-ഓഫ് പോയിന്റുകൾ നൽകുന്നു, കൂടാതെ താഴ്‌വരകളുടെയും കുന്നുകളുടെയും വിശാലമായ കാഴ്ചകൾ അനുഭവത്തെ ശരിക്കും ആനന്ദകരമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *