Your Image Description Your Image Description

വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ – അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.

പച്ചപുതച്ച വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ. ഇത് സെൻറിനൽ റോക്ക് എന്നും അറിയപ്പെടുന്നു. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കയറിച്ചെല്ലാവുന്ന ഒരിടം കൂടിയാണ് സൂചിപ്പാറ. ഏകദേശം 2 കി.മീ ട്രെക്ക് ചെയ്ത് വേണം ഇവിടേയ്ക്ക് എത്താൻ. ഇലപൊഴിയും നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട സൂചിപ്പാറ വയനാട്ടിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിലൊന്നാണ്. പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്രികർക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഏറെ അനുയോജ്യമായ സ്പോട്ടാണിത്.

വയനാട്ടിൽ നിന്ന് ഏകദേശം 35 കി.മീ അകലെ വെള്ളരിമലയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 13 കി.മീ അകലെയുള്ള മേപ്പാടിയാണ് അടുത്തുള്ള ബസ് സ്റ്റാൻഡ്. കോഴിക്കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (91 കി.മീ). 130 കി.മീ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

Leave a Reply

Your email address will not be published. Required fields are marked *