Your Image Description Your Image Description

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ശ്രീലങ്ക സന്ദർശിക്കും. ഏപ്രിൽ അഞ്ചിനാണ് മോദിയുടെ ശ്രീലങ്കൻ യാത്ര. ശ്രീലങ്കൻ പ്രസിഡൻറ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദർശന തീയതി ഇന്നലെ വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടാക്കിയ കരാറുകളിൽ അന്തിമ തീരുമാനവും മോദിയുടെ ലങ്കാ സന്ദർശന വേളയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

സന്ദർശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂർ സോളാർ പവർ സ്റ്റേഷൻ മോദി ഉദ്ഘാടനം ചെയ്യും. സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോർജനിലയം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രാച്ചിലവ് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022 മെയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശ യാത്രകളാണ്. ഏകദേശം 258 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച വെളിപ്പെടുത്തി. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ ചെലവ് വന്നത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.

മോദിയുടെ വിദേശ യാത്രയുടെ വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് രാജ്യസഭയിൽ ചോദിച്ചത്. ഇതിന് മറുപടിയായി പാബിത്ര മാർഗരിറ്റ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖർഗെ ആവശ്യപ്പെടുകയായിരുന്നു.

2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പട്ടികാ രൂപത്തിലാണ് വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ശ്രദ്ധേയമായ ചെലവുകളിൽ, 2023 ജൂണിൽ യുഎസ് സന്ദർശനത്തിന് 22,89,68,509 രൂപയും, 2024 സെപ്റ്റംബറിൽ യുഎസ് സന്ദർശനത്തിന് 15,33,76,348 രൂപയും ചെലവായി. മറ്റ് പ്രധാന യാത്രകളിൽ 2023 മെയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തിൽ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായതായി പാബിത്ര മാർഗരിറ്റ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *