Your Image Description Your Image Description

ജറുസലേം: ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനവുമായി ഇസ്രയേൽ. ​ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ​ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ കയ്യടക്കാനാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഉത്തരവ്.

‘‘ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ ഞാൻ സൈന്യത്തിനു നിർദേശം നൽകി. ഹമാസ് എത്രത്തോളം ഇസ്രയേലികളെ ബന്ദികളാക്കുന്നോ അവർക്ക് കൂടുതൽ പ്രദേശങ്ങൾ നഷ്ടമാകും. ഇസ്രയേൽ ആ പ്രദേശങ്ങളെല്ലാം കീഴടക്കും. ഇസ്രയേലികളെയും സൈന്യത്തെയും സംരക്ഷിക്കുന്നതിനായി ഗാസയ്ക്ക് ചുറ്റുമുള്ള ബഫർ സോണുകൾ വികസിപ്പിക്കും’’ – ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ് ഇസ്രയേൽ‌ വെടിനിർത്തൽ കരാർ ലംഘിച്ച് ​ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസയിൽ‍ ഇസ്രയേൽ സൈന്യം കര–വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടക്കുകയാണെന്നും സൈന്യം ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്കുവശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *