Your Image Description Your Image Description

തൃശൂർ : വിജ്ഞാന തൃശൂരിന്റെ ഭാഗമായി ഏപ്രിൽ 26 ന് നടക്കുന്ന മെഗാജോബ് ഫെയർ തൊഴിൽ പൂരമാക്കിമാറ്റുമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലാത്തവരെ കണ്ടെത്തി ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകുന്ന മാതൃകാപദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലിനൊപ്പം സംരംഭങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകി വരികയാണ്. ഒരു വിഭാഗം തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളായി മാറ്റാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെ സംയോജിപ്പിച്ച് വിജ്ഞാന തൃശൂരിലൂടെ വിജ്ഞാന സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണെന്ന് മുഖ്യ പ്രഭാഷണത്തിൽ വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് പറഞ്ഞു. മെഗാ ജോബ് ഫെയറിൽ നിന്നും കമ്പനികൾ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സ്കിൽ പരിശീലനം വിജ്ഞാനകേരളം പദ്ധതി വഴി നൽകുമെന്നും ഡോ.തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽ നൽകുന്ന കേന്ദ്രങ്ങളായി മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാർ കെ- ഡിസ്ക് വഴി രൂപം നൽകിയ ഡി ഡബ്ല്യൂ എം എസ് പോർട്ടലിലൂടെ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ, തൊഴിൽ അവസരങ്ങൾ അറിയൽ, പരിശീലനങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ദേശീയ, അന്തർദേശീയ തൊഴിൽ അവസരങ്ങളും കോർപ്പറേറ്റ്, സ്വകാര്യ മേഖല, പ്രാദേശിക തൊഴിലവസരങ്ങളും തൊഴിൽ ദാതാക്കളെയും അന്വേഷകരെയും ഒരു പ്ലാറ്റ്ഫോമിൽ കോർത്തിണക്കും.

ജില്ലയിൽനിന്നും രജിസ്റ്റർ ചെയ്ത 153,000 തൊഴിൽ അന്വേഷകരിൽ നിലവിൽ തൊഴിൽ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനങ്ങളും സഹായസഹകരണങ്ങളും നൽകി മേളയിലൂടെ തൊഴിൽ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ 24 ജോബ് സ്റ്റേഷനുകളും 94 ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഏപ്രിൽ 26ന് നടക്കുന്ന മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഡിപ്ലോമ, നഴ്സിംഗ് ആന്റ് പാരാമെഡിക്കൽ, നോൺ ടെക്നിക്കൽ ഗ്രാജുവേറ്റ്, ടെക്നിക്കൽ ഗ്രാജുവേറ്റ് എന്നീ വിഭാഗങ്ങളിലായി വിർച്വൽ ജോബ് ഡ്രൈവുകളും സംഘടിപ്പിക്കുകയാണ്. തൊഴിൽ അന്വേഷകർക്ക് ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനായി ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള ഇംഗ്ലീഷ് അധ്യാപകരുടെയും റിട്ടയേഡ് അധ്യാപകരുടെയും സേവനം പ്രയോജനപ്പെടുത്തി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും സോഫ്റ്റ്‌ സ്കില്ലിലും പരിശീലനവും നൽകും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. സബ് കളക്ടർ അഖിൽ വി മേനോൻ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി വി ഷാജു നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി മേയർ എം എൽ റോസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അസോസിയേഷൻ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ പി ബസന്തലാൽ തദ്ദേശ സ്വയം ഭരണ വകുപ്പ് തൃശ്ശൂർ ജോയിൻ ഡയറക്ടർ സാജു സെബാസ്റ്റ്യൻ, കില അസോസിയേറ്റ് പ്രൊഫസർ ഡോ ആർ രാജേഷ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ഡോ യു സലിൽ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *