Your Image Description Your Image Description

ജൂനിയർ മാൻഡ്രേക്കെന്നൊരു കഥാപാത്രമുണ്ട് . ആര് എപ്പോൾ എവിടെ സൃഷ്ടിച്ചുവെന്നൊരു പിടിയില്ല. പക്ഷേ എല്ലാ ദു:ശകുനങ്ങളുടെയും തലപ്പത്ത് ഇദ്ദേഹം കാണും. ജൂനിയർ മാൻഡ്രേക്ക് ഇരിക്കുന്നിടം നശിക്കുമെന്നാണ് കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നർ വരച്ചു വച്ചിരിക്കുന്ന ചിത്രം.

ഏതായാലും ഇപ്പോൾ എല്ലാവരും എവിടെയെങ്കിലും ഒരു തോൽവി സംഭവിച്ചാൽ ഉടനെ ജൂനിയർ മാൻഡ്രേക്ക് എഫക്ടന്ന് പറയും .യുഡിഎഫിലെ ചിലരുടെയെങ്കിലും ചിന്ത ആ വഴിക്കാണ്. 2016 വരെയുള്ള തെരഞ്ഞെടുപ്പുകളെ അവര് സമാസമം കണ്ടു. 2020 ലുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ നിന്ന് ആദ്യമായി നിയമസഭ കണ്ടു.

പ്രശ്നങ്ങൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്. വലിയ കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങിയിരുന്ന ഒന്നാം പിണറായി മന്ത്രിസഭ ഏതാണ്ട് ആ സമയത്താണ് വലിയ വലിയ ആരോപണങ്ങളെ നേരിടേണ്ടി വന്നത്. അടുത്തുവരുന്ന തെരഞ്ഞെടുപ്പിൽ മുൻപ് സംഭവിച്ചിട്ടുള്ളത് പോലെ തന്നെ യുഡിഎഫിന്റെ ഭരണം മുന്നിൽ കണ്ടുകൊണ്ട് അതിനെ അട്ടിമറിക്കാൻ വേണ്ടിയാണ് യുഡിഎഫ് റോഡിലെറിഞ്ഞു കളഞ്ഞ മാണി പുത്രനെ ഇടതുമുന്നണി കൂടെ കൂട്ടിയത്.

മാണി പുത്രനെ കൂടെ കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സമയത്ത് മാണി സി കാപ്പനോട് ഇടതുമുന്നണി ചർച്ചകൾ നടത്തിയിരുന്നുവെന്നാണറിയാൻ കഴിഞ്ഞത്. ഇടതുമുന്നണി പ്രതിനിധിയോട് കാപ്പൻ പറഞ്ഞിരുന്നത് താൻ പാലാ സീറ്റ് ഒഴിവായി ജോസിന് കൊടുക്കാം പകരം ജോസ് ഒഴിവാകുന്ന രാജ്യസഭ തനിക്ക് തന്നാൽ മതിയെന്ന് .

ഇടതുമുന്നണിയും ജോസും കാപ്പനും അത് സമ്മതിച്ചു , ആ സമയത്താണ് യുഡിഎഫിന്റെ സമയദോഷമെന്ന് തോന്നും , അവർ മാണി സി കാപ്പന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു . കേട്ട പാതി കേൾക്കാത്ത പാതി ഇടതുമുന്നണിയുമായി ഉണ്ടാക്കിയ കരാറുകൾ പൊളിച്ചു. കാപ്പൻ യുഡിഎഫ് മുന്നണിയിൽ ചേക്കേറി.

ഇവിടെയാണ് നമ്മൾ മുൻപ് പറഞ്ഞ ജൂനിയർ മാൻഡ്രേക്ക് എഫക്ട് ഉണ്ടായത്. അതുവരെ പ്രതിരോധത്തിലായിരുന്ന പിണറായി വിജയനും കൂട്ടരും , മാണിയുടെ പുത്രനും കൂട്ടരും മുന്നണിയിലേക്ക് വന്നതോടുകൂടി തികഞ്ഞ ആത്മവിശ്വാസത്തിലായി. ഒപ്പം യുഡിഎഫ് മുന്നണിയിൽ അത്യാവശ്യം കലഹം ആരംഭിക്കുകയും ചെയ്തു.

കാപ്പനെ കിട്ടിയപ്പോളെല്ലാമായിയെന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ച് നടന്ന യുഡിഎഫ് വെള്ളത്തിലുമായി. യുഡിഎഫിന് അന്ന് തുടങ്ങിയതാണ് കഷ്ടകാലം. ഇപ്പോൾ മൂന്നാം പിണറായി മന്ത്രിസഭ വരുമെന്ന ചർച്ച നടക്കുന്ന സമയത്താണ് യുഡിഎഫിലെ ചിലർ ജൂനിയർ മാൻഡ്രേക്ക് എഫക്റ്റിനെ പറ്റി ചർച്ചയും അന്വഷണവും ആരംഭിച്ചത്.

യുഡിഎഫിലേക്ക് കടന്നുവന്ന ജൂനിയർ മാൻഡ്രേക്ക് കാപ്പൻ തന്നെയാണന്നാണ് അവരുടെ കണ്ടെത്തൽ . കാപ്പൻ ജയിച്ചു വന്ന കാലം മുതൽ എൽഡിഎഫിൽ പ്രശ്നമായിരുന്നു. കാപ്പൻ അവിടുന്ന് ഇറങ്ങിയതോടുകൂടി എൽഡിഎഫിന്റെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയും ചെയ്തു. കാപ്പൻ കയറി കൂടിയ യുഡിഎഫിൽ പ്രശ്നങ്ങൾ ആരംഭിക്കുകയും ചെയ്തു.

സത്യത്തിൽ ഈ മാണി സി കാപ്പൻ ഒരു പാവമാണ്. കാര്യങ്ങളെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ല. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് പരാതി വല്ലതും കൊടുത്താൽ അതിന്റെ നൂലാമാലകളോന്നും കാപ്പന് പിടിയില്ല.

സാധാരണ മന്ത്രിക്ക് ഒരു പരാതി കിട്ടിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൊടുത്ത് പ്ലാനും എസ്റ്റിമേറ്റും സാങ്ഷനുമൊക്കെ എടുത്ത് ഫണ്ട് അനുവദിക്കും . അപ്പോഴാണ് വികസന പ്രവർത്തനം ആരംഭിക്കുവാൻ തുടങ്ങുന്നത്.

ഇതൊന്നുമറിയാത്ത പാവം കാപ്പൻ പരാതി കൊടുത്ത് എസ്റ്റിമേറ്റ് ആകുമ്പോഴേക്കും പദ്ധതിക്ക് കോടികൾ അനുവദിച്ചുവെന്നും പറഞ്ഞു ഫ്ലക്സ് വയ്ക്കാൻ തുടങ്ങും. ആരും എടുത്തുകളഞ്ഞില്ലങ്കിൽ വെയിലും മഴയും കൊണ്ട് വർഷങ്ങളോളം ഫ്ലക്സ് അവിടെ ഇരിയ്ക്കും .

പാവം കാപ്പന്റെ ധാരണ ഇത് ആരോ മുടക്കുന്നതാണെന്നാണ്. അതുകൊണ്ടാണ് കഴിഞ്ഞദിവസം എവിടെയോ പറഞ്ഞത് , താൻ ഒരു പദ്ധതി ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു അശരീരി കേട്ടുവെന്ന്. സത്യത്തിൽ അത് കാപ്പന്റെ ഉള്ളിൽ നിന്ന് തന്നെ കേൾക്കുന്ന ഒരു അശരീരികയാണ്.

മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമ പിടിക്കുന്നതിനു മുമ്പായി അതിന്റെ ഒന്നാം പതിപ്പായ റാംജി റാവു സ്പീക്കിംഗ് പലപ്രാവശ്യം കണ്ടുകാണും. അതിന്റെ ഹാങ്ങോവർ ഇതുവരെ വിട്ടിട്ടില്ലന്നാണ് തോന്നുന്നത്. എന്തോ ഒരു ചതിയുണ്ടെന്നൊരു തോന്നൽ, ഉള്ളിൽ നിന്നു വരുന്നതാണ്, കാപ്പന്റെത് ,മുഴുവൻ വൺമാൻഷോ ആയതുകൊണ്ടുള്ള പ്രശ്നവുമുണ്ട്.

പണ്ട് കെഎം മാണി ജനപ്രതിനിധിയായിരുന്ന കാലത്ത് ഒന്നിൽ കൂടുതൽ സഹായികൾ വികസന പ്രവർത്തനങ്ങൾ കണ്ടെത്താനും അതിന്റെ പിന്നാമ്പുറത്ത് ജോലി ചെയ്യുവാനുമുണ്ടായിരുന്നു. എസ്റ്റിമേറ്റ്ടുത്ത് ഫണ്ടനുവദിക്കുന്നതുവരെ പുറകെ ആളുണ്ടാവും.

ഒടുവിൽ ഫണ്ട് അനുവദിച്ച് ടെൻഡറിലേക്ക് പോകുന്നതിനു മുമ്പാണ് കെഎം മാണി പദ്ധതി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഇവിടെ എസ്റ്റിമേറ്റ് എടുക്കുമ്പോൾ തന്നെ പദ്ധതി ജനങ്ങളുടെ മുന്നിലെത്തി കഴിഞ്ഞു. പണം അനുവദിക്കുകയും ടെൻഡർ വിളിക്കുകയും ഒന്നും ചെയ്യേണ്ടാവശ്യമില്ല. ഇതാണ് പാവം കാപ്പന് പറ്റുന്ന അബദ്ധം.

വെളുത്തതെല്ലാം പാലൊന്നു ധരിക്കുന്ന പാവം കാപ്പൻ എസ്റ്റിമേറ്റ് ആയതുകൊണ്ട് , സംഗതി തട്ടേലായിയെന്നാണ് ധരിക്കുന്നത്. എസ്റ്റിമേറ്റ് മുതൽ ടെൻഡർ വരെ പല നൂലാമാലകളുണ്ട്. അതിന്റെയെല്ലാം പുറകെ ചാലകശക്തിയായി നിന്നാൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ. ഇതെല്ലാം മുടക്കുന്നത് ഒരു അശരീരിയാണന്ന് പറഞ്ഞ് കൈകഴുകുന്നത് ശരിയായ കീഴ് വഴക്കമല്ല.

അതിലും വലിയ പാപ്പരത്തം വിളിക്കാത്ത പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നുവെന്നുള്ളതാണ്. നിർമ്മല സീതാരാമൻ ട്രിപ്പിൾ ഐടിയിൽ വന്ന് നടത്തിയ പരിപാടിയിൽ പൊതുജന പങ്കാളിത്തം ഒന്നുമുണ്ടായിരുന്നില്ലന്നാണറിയാൻ കഴിഞ്ഞത്.

അതുകൊണ്ടുതന്നെ ജനപ്രതിനിധികളെ ഒന്നും വിളിച്ചിരുന്നില്ല. നാട്ടിൽ ആദ്യം നടക്കുന്ന പരിപാടി കാണാൻ വേണ്ടി നാട്ടുകാർ കുറേ പേർ കൂടി എന്നുള്ളത് ശരിയാണ്. ദേണ്ടേ അതിന്റെ മുന്നിലിരിക്കുന്നു കാപ്പൻ. ചില കൊച്ചു കുട്ടികൾ ,പള്ളി പരിപാടികൾ കാണാൻ പോയിരിക്കുന്നത് പോലെ.

പാലാക്കാർക്ക് എന്തിനാണ് ഈ പൊതിയാ തേങ്ങയെന്ന് ട്രിപ്പിൾ ഐ ടി യെ പറ്റി , പണ്ട് വികസനത്തെക്കുറിച്ച് ഒന്നും വലിയ അറിവില്ലായിരുന്ന കാലത്ത് ചോദിച്ചിട്ടുണ്ട്. ആ തെറ്റ് തിരുത്തുവാൻ കാണിച്ച മനസ്ഥിതി നമ്മൾ കാണേണ്ടതാണ്.

പ്രത്യേക ക്ഷണം ഒന്നുമില്ലെങ്കിലും അവിടെ ചെന്നത് നന്നായി. താനാണ് ഇതെല്ലാം ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചതെന്ന് നാളെ ചരിത്രത്തിലെങ്ങാനും ഇടം പിടിച്ചാലോ.

Leave a Reply

Your email address will not be published. Required fields are marked *