Your Image Description Your Image Description

ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്ത് യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി യാത്രകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യം ചിലപ്പോൾ ഉണ്ടാകാറുണ്ട്. പലരും നഷ്ടം സഹിച്ച് ആ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകും. എന്നാൽ നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവെ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.

ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കോ പോലെയുള്ളവര്‍ക്ക് മാത്രം നല്‍കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ റെയില്‍വേയില്‍ നേരിട്ട് ചെന്ന് അപേക്ഷ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ടിക്കറ്റ് കൊടുക്കുന്നയാളുടെയും വാങ്ങുന്ന ആളുടെയും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം. ഒരു വ്യക്തിക്ക് ഒരു ഒരു തവണ മാത്രമേ ടിക്കറ്റ് മറ്റൊരാൾക്കായി മാറ്റാൻ കഴിയുകയുള്ളു.

ഇനി മറ്റ് ചിലര്‍ക്കും റെയില്‍വേയുടെ ഈ ആനുകൂല്യം ലഭിക്കും. കല്യാണത്തിന് ഒന്നിച്ച് ടിക്കറ്റെടുക്കുന്നവര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ റെയില്‍വെ നല്‍കുന്ന ആനുകൂല്യം ഇപ്രകാരമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം ബുക്ക് ചെയ്തതിന്റെ പത്ത് ശതമാനം പേര് മാറ്റാവുന്നതാണ്. പക്ഷേ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ട്രെയിന്‍ പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പായിരിക്കണമെന്ന് മാത്രം. ഇനി ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. അതിന് ചെയ്യേണ്ടത് സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ റെയില്‍വേയില്‍ സമര്‍പ്പിക്കണമെന്നതാണ്.

ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ അല്ലെങ്കിൽ വോട്ടിംഗ് ഐഡി കാർഡ് പോലുള്ള ഐഡി പ്രൂഫ് കൈവശം വയ്ക്കണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *