Your Image Description Your Image Description

ലോകമെമ്പാടും വിവിധ ഇനത്തിലുള്ള നായകളുണ്ട്. അതിൽ ചിലത് അപൂർവ ഇനത്തിൽപെട്ടതും അത്ര തന്നെ വിലയേറിയതുമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ നായ ഏതാണെന്ന് നിങ്ങൾക്കറിയാമോ? കാഡ്‌ബോംബ് ഒകാമി എന്നാണ് ഇതിന്റെ പേര്. ഒരു ചെന്നായയുടെയും ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും ക്രോസിങ് ആണ് ഈ നായ. അപൂർവവും ഗാംഭീര്യമുള്ളതുമായ കാഡബോം ഒകാമി ഇതിനകം തന്നെ സെലിബ്രിറ്റി പദവി നേടിയിട്ടുണ്ട്.

അടുത്തിടെ ബെംഗളൂരുവിൽ നിന്നുള്ള ഒരു വ്യക്തി ഈ നായയെ 4.4 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് (ഏകദേശം 50 കോടി രൂപ) സ്വന്തമാക്കി. അപൂർവ നായ ഇനങ്ങളുടെ വിപുലമായ ശേഖരണത്തിന് പ്രശസ്തി കേട്ട എസ് സതീഷാണ് ഇതിനെ വാങ്ങിയത്. 150-ലധികം വ്യത്യസ്ത നായ ഇനങ്ങളുടെ ഉടമയാണ് അദ്ദേഹം.

എട്ട് മാസം ആണ് കാഡ്‌ബോംബ് ഒകാമിയുടെ ഇപ്പോഴത്തെ പ്രായം. 75 കിലോഗ്രാം ഭാരവും 30 ഇഞ്ച് ഉയരവുമുമാണ് ഇതിനുള്ളത്. കാഡ്‌ബോംബ് ഒകാമിയുടെ ഭക്ഷണക്രമം അത്രയും ശ്രദ്ധേയമാണ്. കാരണം എല്ലാ ദിവസവും മൂന്ന് കിലോഗ്രാം പച്ച ചിക്കൻ ആണ് ഒകാമി കഴിക്കുന്നത്. അമേരിക്കയിൽ ജനിച്ച ഒകാമിയെ ഫെബ്രുവരിയിൽ ഒരു ഇന്ത്യൻ ബ്രോക്കർ വഴി ആണ് സതീഷ് സ്വന്തമാക്കിയത്.

ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ സതീഷ്, ഒകാമിയെ സ്വന്തമാക്കിയതിനെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചിരുന്നു. ചെന്നായയോടുള്ള അസാധാരണമായ സാമ്യമുള്ളതിനാൽ ഒകാമിയെ ശരിക്കും അസാധാരണമായ ഒരു നായയായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ പ്രത്യേക ഇനത്തെ മുമ്പ് ഒരിക്കലും വിൽപ്പനയ്ക്ക് വച്ചിട്ടില്ലെന്നും, ഇത് ഒകാമിയെ അവിശ്വസനീയമാംവിധം അപൂർവവും അതുല്യവുമാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നായ്ക്കളോട് വലിയ ഇഷ്ടമുള്ളയാളാണ് സതീഷ്. അത് കൊണ്ട് തന്നെ വിത്യസ്ത ഇനത്തിൽ പെട്ട നായ്ക്കളെ സതീഷ് സ്വന്തമാക്കാറും അവയെ ഇന്ത്യയിലേക്ക് കൊണ്ടു വരാറുമുണ്ട്. നായ്ക്കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം തന്നെയാണ് കാഡബോം ഒകാമിക്ക് വേണ്ടി 50 കോടി രൂപ ചെലവഴിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ നായയായി കാഡ്‌ബോംബ് ഒകാമി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *