Your Image Description Your Image Description

മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നതാണ് യാത്രകൾ. യാത്ര പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. അതിപ്പോൾ പ്രായം കുറഞ്ഞവരാണെങ്കിലും പ്രായം കൂടിയവരാണെങ്കിലും ഒരു ദീർഘയാത്ര പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. മറ്റ് തിരക്കുകളൊക്കെ കഴിഞ്ഞിട്ട് പോകാം എന്നാണ് മിക്കവരും കരുതുന്നത്. അങ്ങനെ യാത്ര മുടങ്ങിപ്പോയവർ ഒരുപാടുണ്ട്. എന്നാൽ ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കണമെന്ന് ചിന്തിക്കുന്ന വളരെ കുറച്ച് ആളുകൾ ഉണ്ട്. അങ്ങനെയൊരാളാണ് കണ്ണൂരിലുള്ള തയ്യൽ ജോലിക്കാരി വാസന്തി ചെറുവീട്ടിൽ. തന്റെ 59-ാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ വാസന്തിക്ക് പറയാനുള്ളത് ‘സമ്പാദിക്കുക, പറ്റുന്നത്ര യാത്ര ചെയ്യുക,ലോകം കാണുക’ എന്നാണ്. കെഎസ്ആര്‍ടിസി ബസില്‍ മൂന്നാറിലേക്ക് നടത്തിയ യാത്രയോടെയാണ് യാത്രാപ്രേമം വാസന്തിയില്‍ ഉടലെടുത്തത്. തുടര്‍ന്ന് തായ്‌ലന്‍ഡിലേക്കും തനിച്ചൊരു യാത്ര നടത്തി.

തയ്യല്‍ ജോലി ചെയ്യുന്ന വാസന്തി വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചു സ്വരുക്കൂട്ടിയാണ് എവറസ്റ്റിലേക്ക് സ്വപ്നയാത്ര പുറപ്പെട്ടത്. പ്രായമോ, ആരോഗ്യ അവശതകളോ, പണമോ ഒന്നും വാസന്തിയുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമായില്ല. കഴിഞ്ഞ ഫെബ്രുവരി 23നാണ് വാസന്തി എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് നടന്നുകയറിയത്. എട്ടുദിവസം നീണ്ട ട്രക്കിങ്ങിനൊടുവില്‍ ഉച്ചയോടെ ബേസ് ക്യാമ്പിലെത്തി.

‘വലിയ കല്ലും പാറയും എങ്ങനെയാണ് ഏന്തിവലിഞ്ഞ് കയറിയതെന്ന് അറിയില്ല. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ബോധമുള്ളതിനാല്‍ തിടുക്കം കാണിച്ചില്ല. പതുക്കെ പതുക്കെ കയറുകയായിരുന്നു.’വാസന്തി ഓര്‍ക്കുന്നു. ട്രക്കിങ്ങിനായി തയ്യാറെടുപ്പുകൾ നടത്തിയത് യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെയാണ്. ദിവസവും മൂന്നുമണിക്കൂറോളം നടത്തം പതിവാക്കിയിരുന്നു. ട്രക്കിങ് ബൂട്ടുകള്‍ ഇട്ടുകൊണ്ടായിരുന്നു യാത്ര. വൈകുന്നേരങ്ങളില്‍ 5-6 കിലോമീറ്ററുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കും. അത്യാവശ്യം ഹിന്ദിയും പഠിച്ചു. പക്ഷെ യാത്ര അത്ര എളുപ്പമായിരുന്നു. കാലാവസ്ഥ ചതിച്ചെന്നും പറയാം മോശം കാലാവസ്ഥയില്‍ ഫ്‌ളൈറ്റ് റദ്ദാക്കി.

നേപ്പാളില്‍ വച്ചു പരിചയപ്പെട്ട ജര്‍മന്‍ ദമ്പതികളുടെ സഹായത്തോടെ സുര്‍ക്കെയിലെത്തിയാണ് ട്രക്കിങ് ആരംഭിച്ചത്. ട്രക്കിങ്ങിനിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ അവർ പരിചയപ്പെട്ടു അതിൽ തിരുവനന്തപുരം സ്വദേശികളും ഉൾപ്പെടും. ബേസ് ക്യാമ്പില്‍ കേരളത്തിന്റെ തനതുവസ്ത്രമെന്ന് ഖ്യാതി നേടിയ സെറ്റുമുണ്ട് ഉടുത്ത് ഇന്ത്യന്‍ പതാകയും ഉയര്‍ത്തി നില്‍ക്കുന്ന വാസന്തിയുടെ ചിത്രം വളരെപ്പെട്ടെന്ന് വൈറലായിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈന വന്‍മതിലാണ്. ‘വീട്ടില്‍ അടച്ചിരിക്കുമ്പോഴാണ് ഭയം പിടികൂടുക, പുറത്ത് നമ്മെ കാത്തിരിക്കുന്നത് വിശാലമായ ലോകമാണ്’ വാസന്തി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *