വിഴിഞ്ഞം തുറമുഖത്ത് 56 ശതമാനം തദ്ദേശീയർക്ക് ജോലി നൽകിയതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. 50 ശതമാനം പേർക്ക് ജോലി നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. റെയിൽ കണക്ടിവിറ്റിക്കായി 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 1482 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10.2 കിലോമീറ്ററാണ് കണക്ടിവിറ്റി. ഇതിൽ 9.2 കിലോമീറ്ററും തുരങ്കപാതയാണ്. വിഴിഞ്ഞത്ത് ഇതുവരെ 215 കപ്പലുകൾ വന്നുപോയി. 4.22 ലക്ഷം ടി.ഇ.യു ചരക്കുകൾ കൈകാര്യം ചെയ്തു. ഫെബ്രുവരിയിൽ മാത്രം
വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത് 78,833 ടി.ഇ.യു കണ്ടെയ്നറുകളാണ്. തെക്കുകിഴക്കൻ മേഖലകളിലെ തുറമുഖങ്ങൾ കൈകാര്യം ചെയ്തതിനേക്കാൾ വളരെ കൂടുതലാണിത്.നാലുമാസത്തിനകം ഗേറ്റ്‌വേ കണ്ടെയ്നർ നീക്കം ആരംഭിക്കാനാവുന്ന തരത്തിൽ കസ്റ്റംസ് സജ്ജീകരണങ്ങൾ ഒരുങ്ങുകയാണ്. വിഴിഞ്ഞത്ത് അസാപ്പ് നൈപുണ്യ പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആദ്യബാച്ച് ജോലിയിൽ പ്രവേശിച്ചതായും മന്ത്രി വ്യക്തമാക്കി.