ന്യൂഡൽഹി: ഒൻപത് മാസത്തെ നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു. മടക്കയാത്രയ്ക്ക്ശേഷം ഇന്ത്യ സന്ദർശിക്കാൻ എത്തണമെന്നും മോദി കത്തിൽ പറയുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആയിരുന്നു പ്രധാനമന്ത്രിയുടെ കത്ത് എക്‌സിലൂടെ പങ്കുവെച്ചത്.
“മിസ് ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകണം, അച്ഛൻ ദീപക്ഭായിയുടെ അനുഗ്രഹവും നിങ്ങൾക്കൊപ്പമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. 2016-ൽ താൻ നടത്തിയ അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള സന്ദർശന വേളയിൽ നിങ്ങളോടൊപ്പം അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നിങ്ങളുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും, മടക്കയാത്രയ്ക്ക് ശേഷം നിങ്ങൾ ഇന്ത്യ സന്ദർശനത്തിനായി എത്തണമെന്നും അതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.” സുനിതയുടെ ജീവിതപങ്കാളി മൈക്കല്‍ വില്യംസിനും സുനിതയുടെ ബഹിരാകാശ സഹയാത്രികന്‍ ബാരി വില്‍മോറിനും മോദി ആശംസകള്‍ നേര്‍ന്നു.
അതേസമയം, നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിക്കഴിഞ്ഞു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് അണ്‍ഡോക്ക് ചെയ്തു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്യും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ അനുസരിച്ച് ലാന്‍ഡിംഗ് സമയത്തില്‍ നേരിയ മാറ്റം വന്നേക്കാം.
സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയാണ് ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിയിരിക്കുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5-ന് ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരുടെയും മടക്കം ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറിനെ തുടര്‍ന്ന് വൈകുകയായിരുന്നു.