Your Image Description Your Image Description

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് ലഹരി കേസുകൾ പിടികൂടുന്നതിന്റെ എണ്ണം കൂടുതലാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വഴികളിൽ ഒരു പരിശോധനയും ഇല്ല. പ്രധാനമായും പാലക്കാട് പ്രത്യേകിച്ച് ചിറ്റൂരിൽ .

ഇവിടുത്തെ ഊടുവഴികൾ കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് നേരത്തേ ആരോപണമുണ്ട്. പ്രധാന അതിർത്തി വഴികളിലും ഊടുവഴികളിലും വരെ സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റുകൾ രാപകൽ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യഥേഷ്ടം കടന്നുപോകാറുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടക്കുന്നുണ്ട്. ചെക്ക്‌പോസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ റാൻഡം പരിശോധനയും ഉണ്ട്.

കേരളത്തിന്റെ അതിർത്തിവഴികൾ ലഹരിവസ്തുക്കളുടെ ഒഴുക്കിന്റെ പ്രധാന കേന്ദ്രമാകുകയാണ്. പാലക്കാട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഭൂരിഭാഗവും തുറന്നുകിടക്കുകയാണ്. പരിശോധനകളില്ലാതെ എന്തും ഇതുവഴി കൊണ്ടുവരാം എന്നതാണ് സ്ഥിതി.

പൊലീസിന്റെയോ, എക്‌സൈസിന്റെയോ ചെക്ക്‌പോസ്റ്റുകൾ പല സ്ഥലത്തും ഇല്ല. മുമ്പുണ്ടായിരുന്ന വിൽപ്പന നികുതി, പൊലീസ് ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കി. വാളയാറിൽ പേരിന് മാത്രമാണ് പരിശോധന.

അതിർത്തി കടന്നു ഒരു കിലോമീറ്റർ കടന്നാണ് എക്‌സൈസ് വകുപ്പിന്റെ ചെക്ക്‌പോസ്റ്റ്. എന്നാൽ യാതൊരു പരിശോധനയുമില്ല. സ്പിരിറ്റും കഞ്ചാവും പാൻ മസാലയും എല്ലാം ലോഡുകണക്കിനാണ് ഇതുവഴി എത്തുന്നത്. വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ അതിർത്തിവഴി തുറന്നാണ് കിടക്കുന്നത്. ഇതുകൂടാതെ 20 ഓളം ഊടുവഴികളും കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണ്.

കൊഴിഞ്ഞാമ്പാറ താവളമാക്കിയുള്ള പ്രമുഖരായ നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ലഹരി വസ്തുക്കൾ ഒഴുക്കുന്നത്. സ്പിരിറ്റും പാൻമസാലയും എം.ഡി.എം.എയും എവിടെയും കിട്ടുന്ന സ്ഥലമായി ഇവിടം മാറി.

ലഹരിയുടെ ഹബ്ബായി മാറി പാലക്കാട് . കഴിഞ്ഞ 13 മാസത്തിൽ 550 എൻ.ഡി.പി.എസ് കേസുകളാണ് ജില്ലയിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 415 പേരെ അറസ്റ്റുചെയ്തു. 2024 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള എക്‌സൈസിന്റെ കണക്കുപ്രകാരമാണിത്.

സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത്. രാഷ്ട്രീയബന്ധമുള്ളവരും വൻകിട നിർമ്മാണ കമ്പനികളുടെ കരാറുകാരുമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവർക്കായി ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. പരിശോധന ശക്തമാക്കുകയും പിടികൂടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താൽ മാത്രമേ ഈ സ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *