Your Image Description Your Image Description

പത്തനംതിട്ട : കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്.

കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജികരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്.

എടിഎം മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് എടിഎമ്മിനുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനു ശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടറുണ്ട്.

വെള്ളം ശേഖരിക്കാന്‍ കുപ്പിയോ പാത്രമോ കരുതണം. വിദ്യാര്‍ഥികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാണ് എടിഎം. കുറഞ്ഞ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. ശുദ്ധജലം ഉറപ്പാക്കാനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറയ്ക്കാനും എടിഎം വഴി സാധിക്കും. സമീപമുള്ള പഞ്ചായത്ത് കിണറില്‍ നിന്നാണ് ജലം ശേഖരിക്കുന്നത്. എടിഎം ടാങ്കില്‍ ശേഖരിച്ച ജലം അഞ്ചു ഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്നു. ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പാക്കുമെന്നും പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം ജംഗ്ഷനില്‍ നാലാമത്തെ ജല എടിഎം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *