Your Image Description Your Image Description

മാർച്ച് 22നാണ് ഐ.പി.എൽ മാമാങ്കം ആരംഭിക്കുന്നത്. ഡിഫൻഡിങ് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് വേദി.

ഐ.പി.എല്ലിൽ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹർദിക് പാണ്ഡ്യ നയക്കുന്ന മുംബൈ ഇന്ത്യൻസ്. മാർച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ടീമാണ് മുംബൈ. വളരെ മോശം പ്രകടനം കാഴ്‌ചവെച്ചാണ് മുംബൈ ടൂർണമെന്റിൽ നിന്ന് പുറത്തായത്.എന്നാൽ പുതിയ സീസണിന് മുന്നോടിയായി മുംബൈയ്ക്ക് രണ്ട് തിരിച്ചടികളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽമുംബൈയുടെ അവസാന മത്സരത്തിനിടെഎൽ.എസ്.ജിക്കെതിരെ സ്ലോ ഓവർ റേറ്റ് കാരണം ഹർദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും കിട്ടിയിരുന്നു. കഴിഞ്ഞ സീസണിൽ മൂന്ന് തവണയാണ് എം.ഐ സ്ലോ ഓവർ നിരക്കിന്റെ പിടിയിലായത്. ഇതോടെയാണ് ക്യാപ്റ്റനായ ഹർദിക്കിന് 2025ലെ ആദ്യ മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.ഇതിന് പുറമെ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കും ടീമിനെ ആശങ്കയിലാക്കുന്നതാണ്.

ബോർഡർ ഗവാസ്കർ ട്രോഫിലെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയാണ് താരം പുറത്തായത്. എന്നാൽ പരിക്ക് പെട്ടന്ന് ഭേദമാകുമെന്ന് കരുതിയെങ്കിലും സൂപ്പർ പേസർക്ക് തുടർന്നുള്ള ഇന്ത്യയുടെ പര്യടനങ്ങളിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്ക്ക് താരത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഐ.പി.എല്ലിലെ ആദ്യത്തെ ചില മത്സരങ്ങളിലും താരം ലഭ്യമാകില്ലെന്നാണ് സൂചനകൾ.

നിലവിൽ ബി.സി.സി.ഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ ചികിത്സയിലാണ് താരം. കഴിഞ്ഞ സീസണിലെ മൊത്തം 14 മത്സരങ്ങളിൽ 10 എണ്ണവും തോറ്റ് 10-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മുംബൈ ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. 2024 സീസണിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ നീക്കിയാണ് ഗുജറാത്തിൽ നിന്ന് വലിയ തുകയ്ക്ക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി ടീമിൽ എത്തിച്ചിരുന്നു. ഇതോടെ ടീമിൽ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു.

2025 ഐ.പി.എൽ സീസണിലെ 74 മത്സരങ്ങൾ 13 വേദികളിലായിട്ടാണ് നടക്കുക. അതിൽ 12 ഡബിൾ-ഹെഡറുകൾ ഉൾപ്പെടുന്നു. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 03.30 നും വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 07.30 നും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *