Your Image Description Your Image Description

പി വി അൻവർ രാജിവച്ചൊഴിഞ്ഞ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ട് മാസമായി . മണ്ഡലത്തിൽ ഒഴിവ് വന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത് ജൂലായ് 13നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുക്കൂട്ടൽ. ചീഫ് ഇലക്ടറൽ ഓഫിസർ ഉപതിരഞ്ഞെടുപ്പിനു മുന്നേ ചെയ്യാനുള്ള ജോലികളെല്ലാം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

മാർച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത് . അങ്ങനെ വന്നാൽ ഏപ്രിൽ‌ അവസാനമോ മേയിലോ തിരഞ്ഞെടുപ്പ് നടക്കും . നിലമ്പൂരിനു പുറമെ പഞ്ചാബിൽ ഒരു മണ്ഡലത്തിലും ന്യൂഡൽഹിയിൽ 2 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തോമസ് ചാണ്ടിയുടെയും വിജയൻപിള്ളയുടെയും നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടു. ഒടുവിൽ കോവിഡ് കൂടി വന്നതോടെ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചിരുന്നു.

ഒരു പക്ഷെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ‌ മുൻ ഉപതിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച് വിജയിച്ച അടവാകും നിലമ്പൂരിലും യുഡിഎഫ് നടത്തുന്നത് . 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ പേര് അൻവർ നിര്‍ദേശിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴിമരുന്നിട്ടിരുന്നു.

അങ്ങനെയൊരു ഭിന്നതയുണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം പറഞ്ഞതാണെന്ന വിമർശനവും വന്നിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാർ‌ഥിയാകുന്നതില്‍ ആര്യാടന്‍ ഷൗക്കത്തിനുള്ള മുന്‍തൂക്കം മുന്നില്‍ കണ്ടായിരുന്നു അന്‍വറിന്റെ കരുനീക്കം. സ്ഥാനാർഥി നിര്‍ണയത്തില്‍ തട്ടി കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഏറെ കരുതലോടെയായിരിക്കും ഹൈക്കമാൻഡിന്റെയും നീക്കം.

നിലമ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുന്ന സിപിഎം ഫോര്‍മുല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. എന്നാൽ അന്‍വറിലൂടെ കൈ പൊള്ളിയ സിപിഎം ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ നേരിട്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

നാട്ടുകാരന്‍ എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.സ്വരാജിന്റെ പേരിനു മുൻതൂക്കമുണ്ട്. സ്വരാജ് മത്സരിച്ചാല്‍ തിരഞ്ഞെടുപ്പിനു വീറും വാശിയും കൂടും. നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, സിപിഎം ജില്ലാ കമ്മറ്റി അംഗം വി.എം.ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷൊറോണ റോയ് എന്നിവരെയും പരിഗണിച്ചേക്കാം. ബിജെപി മുതിർന്ന നേതാക്കളിൽ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.

2019 ഡിസംബർ 19നായിരുന്നു കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടിയുടെ അന്ത്യം. 2020 മാർച്ച് എട്ടിന് ചവറ എംഎൽ‌എ ആയിരുന്ന വിജയൻ പിള്ളയും നിര്യാതനായി. കോവിഡ് കാലമായതിനാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകളും വേണ്ടെന്ന സംസ്ഥാന സർക്കാർ നിർദേശം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു .
ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂവെന്ന് കമ്മിഷൻ അന്ന് വിലയിരുത്തി. തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തു.അങ്ങനെയാണ് ചാവറയിലും കുട്ടനാടും നടക്കാതെപോയത് . ഇത് പക്ഷെ ഒരു വർഷത്തോളം കാലാവധിയുള്ളതിനാൽ തെരഞ്ഞെടുപ്പ് നടക്കാനാ സാധ്യത .

Leave a Reply

Your email address will not be published. Required fields are marked *