Your Image Description Your Image Description

കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കിയത് പ്രധാനമായും മൂന്നു നേതാക്കന്മാരാണെന്നാണ് വിമർശകർ പറയുന്നത്. അതിൽ ഒന്നാം സ്ഥാനം സാക്ഷാൽ എ കെ ആന്റണിക്ക് തന്നെയാണ്. ഏതു കാര്യത്തിലും ഒന്നാം സ്ഥാനം വിട്ടു കളിക്കാൻ ആന്റണി തയ്യാറല്ല. രണ്ടാം സ്ഥാനം രമേശ് ചെന്നിത്തലയ്ക്കാണോ അതോ
വി എം സുധീരൻ ആണോയെന്ന തർക്കത്തിലാണ് .

വി എം സുധീരൻ കെപിസിസി പ്രസിഡണ്ടായിരിക്കുന്ന കാലത്ത് ബാറുകൾ നിരോധിക്കണമെന്ന് പറഞ്ഞു കോൺഗ്രസിന് പുലിവാല് പിടിപ്പിച്ചതാണ് സർവ്വനാശത്തിന് ആക്കം കൂട്ടിയത്. അല്പം ലഹരിയുടെ സുഖം യുഗങ്ങൾക്കു മുമ്പ് തന്നെ മനുഷ്യൻ ആസ്വദിച്ചു തുടങ്ങി യിരുന്നു.

കണ്ണടച്ചിരുട്ടാക്കുന്നത് പോലെ അതൊന്നും കണ്ടില്ലന്ന് നടിച്ച് ഒരു സുപ്രഭാതത്തിൽ മദ്യം കേരളത്തിൽ ഇല്ലാതാക്കാൻ നടത്തിയ ശ്രമമാണ് ഇന്ന് കേരളത്തെ ഈ സർവ്വനാശത്തിലെത്തിച്ചിരിക്കുന്നത്. കേരളത്തെ ഒരു മയക്കു മരുന്നുകളുടെ കേന്ദ്രമാക്കി മാറ്റിയത് സുധീരന്റെ ഈ നടപടിയും, എ കെ ആന്റണിയുടെ ചാരായ നിരോധനവുമാണ് .

ചാരായ നിരോധനത്തിനു മുൻപ് അതായത് 96 മാർച്ച് 31ന് മുമ്പ് കേവലം 90 രൂപയ്ക്ക് ലഭ്യമാകുമായിരുന്ന ഒരു കുപ്പി ബ്രാണ്ടി ഏപ്രിൽ ഒന്നിന് വാങ്ങുമ്പോൾ 245 രൂപയായി മാറി. അതോടുകൂടിയാണ് കേരളത്തിൽ കൈക്കൂലിയുടെ തോതു വർദ്ധിച്ചത്. ഒപ്പം തൊഴിൽ വേതനവും മുൻപത്തേക്കാൾ വളരെയധികം വർദ്ധിച്ചു .

അതോടുകൂടി കേരളത്തിൽ പണിയെടുക്കുവാൻ ആളില്ലന്ന നില വന്നു. അതിഥി തൊഴിലാളികളുടെ പറുദീസിയായി മാറുവാനുള്ള കാരണവും അത് തന്നെയാണ്. കേരളത്തിലെ യുവതി യുവാക്കൾ അറേബ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും പണിയെടുക്കാൻ പോകുമ്പോൾ അതിഥി തൊഴിലാളികൾക്ക് കേരളം ചാകരയായി മാറി.

അവരും കൂടി വന്നില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നുകൂടി ആലോചിക്കുന്നത് നല്ലതാ . ഒരു തലമുറയ്ക്ക് പണിയെടുക്കുവാൻ പറ്റാത്ത വിധം ആരോഗ്യം നശിപ്പിച്ചതാണ് ആന്റണിയുടെ ചാരായ നിരോധനം . അതുതന്നെയായിരുന്നു സുധീരന്റെ ബാർ നിരോധനവും.

ഇതൊന്നുമല്ല നമ്മുടെ ചർച്ചാവിഷയം. ഇന്ന് കേരളത്തിൽ കോൺഗ്രസുകാർ പരസ്പരം പോരടിക്കുന്നത് ആരും മുഖ്യമന്ത്രിയാകണമെന്നുള്ളതിനെപ്പറ്റിയുള്ള ചർച്ചയിലാണ്. ഇതുതന്നെയാണ് യുഡിഎഫിനെ വിഷമത്തിലാക്കിയിരിക്കുന്നത്.

ഒരിക്കൽ പറഞ്ഞതുപോലെ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ കഴിഞ്ഞ നാലുവർഷം 40 വർഷം കഴിഞ്ഞതുപോലെയാണ് ഘടകകക്ഷികൾക്കെല്ലാം. ഇനിയും ഒരു ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ലന്ന യാഥാർത്ഥ്യം ദീപാദാസ് മുൻഷിയോട് അവർ അറിയിച്ചു കഴിഞ്ഞു .

ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് വി ഡി സതീശനും ചെന്നിത്തലയും തമ്മിലാണന്ന് നമുക്ക് തോന്നുമെങ്കിലും അതിന്റെ പിന്നാമ്പുറ ചാലകശക്തി എ കെ ആന്റണി തന്നെയാണ്.
സൈക്കിൾ ചവിട്ടാനറിയാവുന്ന ഒരു യുവാവിനെ െഎസ്‌യുവിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച എം എ ജോൺ എന്ന കോൺഗ്രസ് നേതാവിന് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു എ കെ ആന്റണി.

പണിയെടുക്കാതെ കോൺഗ്രസിന്റെ മുഴുവൻ സ്ഥാനമാനങ്ങളും കയ്യടക്കി കോൺഗ്രസ് കൊണ്ട് കിട്ടാവുന്ന മുഴുവൻ അധികാരങ്ങളും നേടി ,ഒടുവിൽ ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ പോയിട്ട് അത് മാത്രം നടക്കാതെ തിരികെ പോരേണ്ടി വന്ന മഹാനാണ് എ കെ ആന്റണി.

67ൽ കേവലം 9 പേരുമായി പ്രതിപക്ഷത്ത് ഇരുന്ന കോൺഗ്രസിനെ നേതൃപാടവം കൊണ്ട് ഭരണത്തിൽ തിരിച്ചുകൊണ്ടുവന്ന കെ കരുണാകരനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്തുകൊണ്ടിരുന്ന ആന്റണി കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയുമൊക്കെയായി.

ഒരു ഗതിയും പരിഗതിയില്ലാതെ വരുമ്പോൾ ആദർശത്തിന്റെ പേര് പറഞ്ഞു രാജിവെക്കുന്നത് അതിലും ഉയർന്ന വലിയ സ്ഥാനം നേടാൻ വേണ്ടി തന്നെയായിരുന്നു. കേരളത്തെ ഭരിച്ചു മുടിച്ചു തേച്ചു കഴുകി കേന്ദ്രത്തിൽ ചെന്ന് രണ്ടാമനായി വർഷങ്ങളോളം വിലസി. എന്നിട്ടും കേരളത്തിനെന്ത് നേടി തരാൻ സാധിച്ചുവെന്ന് ആന്റണി ആത്മശോദന ചെയ്യണം.

കേരളത്തിൽ ഇന്ന് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ആന്റണി കാണാതെ പോകരുത്. അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയാതെ പോകരുത്. ഒപ്പം കൂടെയുള്ള കോൺഗ്രസ് പ്രവർത്തകരോട് ഇതെല്ലാം അനുഭവിച്ചിട്ട് അഭിപ്രായം പറയണമെന്ന് ഉപദേശിക്കുകയും ചെയ്യണം.

കോൺഗ്രസിന്റെ എത്രയോ മുഖ്യമന്ത്രിമാരുണ്ടായി. ദീർഘവീക്ഷണത്തോടും ഭാവനയോടും കൂടി കേരളത്തിന് ഉപകാരപ്രദമാകുന്ന ഒരു പദ്ധതി ഇവരിൽ ആര് തയ്യാറാക്കിയിട്ടുണ്ട്. ? ജനങ്ങളുടെ ചർച്ചാവിഷയമാണിത്. നാളെയും ഇത് ചർച്ചാവിഷയമാകുമെന്ന എന്ന ചിന്ത ,മുഖ്യമന്ത്രിയാകാൻ ഉടുപ്പും തൈപ്പിച്ചിരിക്കുന്ന എല്ലാ കോൺഗ്രസുകാരും ഓർക്കുന്നത് നല്ലതാണ്.

ഇതെല്ലാം ഞങ്ങളുടെ കാലത്ത് ചെയ്തു തുടങ്ങിയ പണിയാണെന്നൊന്നും പറഞ്ഞു മേനി നടിച്ചിട്ടു കാര്യമില്ല. ഒരു സംസ്ഥാനത്തു നിന്ന് ജനങ്ങളുടെ ചെലവിൽ ഒരു നേതാവ് നടക്കുമ്പോൾ സംസ്ഥാനത്തിന് എന്തെങ്കിലും ഒക്കെ ഗുണം ചെയ്യണം. എംഎൽഎയും മന്ത്രിയായും രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായുമൊക്കെ പണിയെടുത്തിട്ട് പെൻഷൻ വാങ്ങി നടക്കുന്ന ആന്റണി ശമ്പളവും പെൻഷനും വാങ്ങാൻ വേണ്ടി മാത്രം എത്ര രൂപ ഖജനാവിൽ നിന്ന് ചെലവാക്കി?

അതിനുമാത്രം എന്ത് പ്രത്യുപകാരമാണ് സംസ്ഥാനത്തിന് ആന്റണി നൽകിയത് ? ഇതെല്ലം ജനങ്ങൾക്കറിയാൻ ആഗ്രഹമുണ്ട് . എന്നിട്ടിപ്പോഴും എനിക്ക് ഒന്നുകൂടി മുഖ്യമന്ത്രിയാകണമെന്ന കാഴ്ചപ്പാട്, പൊതുജനത്തിന് മനസ്സിലാകുന്നില്ലന്ന് ധരിക്കരുത്.

മരിക്കുന്നതിനുമുമ്പ് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി ആ പദവിയിലിരുന്നു മരിച്ച ഇന്ത്യയിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന പേരെടുക്കാനുള്ള നീക്കമാണ് ആന്റണി നടത്തുന്നതന്നാണ് ഒരു കോൺഗ്രസുകാരൻ സങ്കടത്തോടെ കൂടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *